
May 29, 2025
03:19 AM
ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പല ഇന്ത്യന്‍ സിനിമാ ഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയായിരുന്നു. വെങ്കി കുഡുമുല സംവിധാനം ചെയ്യുന്ന 'റോബിന്‍ഹുഡ് ' എന്ന ചിത്രത്തിലൂടെ വാർണർ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത് ആരാധകർ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതും. ചിത്രത്തിൽ താരത്തിന് വൻ തുക പ്രതിഫലം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിനായി വാർണർ മൂന്ന് കോടി രൂപയാണ് പ്രതിഫലം കൈപറ്റിയതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ കാമിയോ റോളിലാണ് വാർണറെത്തുന്നത്. അടുത്തിടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അഭിനേതാക്കൾ, ചലച്ചിത്രപ്രവർത്തകർ, എന്നിവർക്കൊപ്പം ഡേവിഡ് വാർണറും പങ്കെടുത്തിരുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കളായ ശ്രീലീലയ്ക്കും നിതിനുമൊപ്പം വാർണർ നൃത്തവും ചെയ്തു.
നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിലൂടെ വാർണർ അഭിനയിലേക്ക് എത്തുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ അല്ലു അർജുന് ആശംസകളുമായി വാർണർ എത്തിയിരുന്നു. നേരത്തെ പുഷ്പയുടെ സിഗ്നേച്ചര്‍ സ്റ്റെെല്‍ അനുകരിച്ച് വാര്‍ണര്‍ വീഡിയോ ചെയ്തതും കൂടി ചേര്‍ത്തുവെച്ചായിരുന്നു ചിത്രത്തില്‍ താരമുണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ വന്നത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത റോബിൻഹുഡിന് സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാനാകുന്നത്. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതീൻ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രീലീലയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Contentn HIghlights: David Warner remunaration for his Indian movie