
ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ മലയാളച്ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ആര്‍ഡിഎക്‌സ് സംവിധായന്‍ നഹാസ് ഹിദായത്തിനൊപ്പമാകും അടുത്ത ചിത്രമെന്ന് ദുല്‍ഖര്‍ തന്നെ അറിയിച്ചിരുന്നെങ്കിലും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇപ്പോള്‍ സിനിമയുടെ ഴോണറിനെ കുറിച്ചും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറയുകയാണ് നടന്‍ വിഷ്ണു അഗസ്ത്യ. ആര്‍ഡിഎക്‌സിലെ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു, നഹാസിന്റെ രസകരമായ അവതരണത്തില്‍ ദുര്‍ഖറിനെ കാണാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. സില്ലിമോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിക്യു ചിത്രത്തെ കുറിച്ച് വിഷ്ണു സംസാരിച്ചത്.
ഫാന്റസി മിസ്ട്രി ഴോണറിലുള്ള ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് അതെ എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ചിത്രത്തില്‍ താനുണ്ടാകുമോ എന്ന് അറിയില്ലെന്നും കാസ്റ്റിങ്ങും മറ്റും പ്രാരംഭഘട്ടത്തിലാണെന്നും വിഷ്ണു പറഞ്ഞു.
'നഹാസിന്റെ പുതിയ ചിത്രത്തില്‍ ഞാന്‍ ചിലപ്പോള്‍ ഉണ്ടാകും. അധികം കഥാപാത്രങ്ങളില്ലാത്ത ചിത്രമാണ്. നഹാസിന്റെ രസമുള്ള സ്റ്റോറിടെല്ലിങ് സ്‌റ്റൈലില്‍ ഡിക്യു വന്ന് പൊളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍,' വിഷ്ണു പറഞ്ഞു.
2023ല്‍ ഓണം റിലീസായി എത്തിയ കിങ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ദുല്‍ഖര്‍ തന്നെ നിര്‍മിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാനായിരുന്നില്ല. 2024 ഒക്ടോബറില്‍ തെലുങ്കിലാണ് പിന്നീട് ദുല്‍ഖര്‍ നായകനായ ഒരു ചിത്രം എത്തിയത്. ഇതിനിടെ കല്‍ക്കിയില്‍ അതിഥി വേഷത്തില്‍ താരം എത്തിയിരുന്നു. ലക്കി ഭാസ്‌കറിന്റെ മലയാളം വേര്‍ഷന്‍ കേരളത്തിലും മികച്ച അഭിപ്രായം നേടുകയും കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ലക്കി ഭാസ്‌കറിന്റെ കേരളാ പ്രമോഷനിടെയാണ് മലയാളത്തിലെ പുതിയ പ്രോജക്ടുകളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചത്. നഹാസ് ചിത്രം കൂടാതെ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രവും നവാഗത സംവിധായകനൊപ്പമുള്ള മറ്റൊരു ചിത്രവും മലയാളത്തിലുണ്ടാകുമെന്ന് ദുല്‍ഖര്‍ അന്ന് സ്ഥിരീകരിച്ചിരുന്നു. കാന്ത എന്ന തമിഴ് പിരീഡ് ചിത്രമാണ് ദുല്‍ഖറിന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമ.
Content Highlights: Actor Vishnu Agasthya shares details on Dulquer Salmaan-Nahas Hidayath movie