
കമൽഹാസനും മണിരത്നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. രണ്ടുദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനാകുന്നില്ല എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
രണ്ടാം ദിനമായ ഇന്നലെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 7.50 കോടി മാത്രമാണ് തഗ് ലൈഫ് നേടിയതെന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. 17 കോടിയാണ് ചിത്രത്തിന്റെ ഇനിഷ്യൽ കളക്ഷൻ. ഇതോടെ ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് സിനിമ 24.50 കോടിയാണ് സിനിമയുടെ ഇന്ത്യൻ ബോക്സ് ഓഫീസിലെ കളക്ഷൻ. ആദ്യദിനത്തെ അപേക്ഷിച്ച് സിനിമയുടെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ 50 കോടി രൂപ പോലും കടക്കാൻ സാധ്യതയില്ല എന്ന നിഗമനത്തിലാണ് ട്രാക്കർമാർ.
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്.
അതേസമയം, പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും കമൽ ഹാസൻ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ താഴേക്ക് പോകുന്നെന്നും പ്രേക്ഷകർ പറയുന്നു. തൃഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ വിഷ്വലുകൾ ഗംഭീരമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ കട്ട് ചെയ്തതിലും പ്രേക്ഷകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്.
രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Thug Life movie second day collection report