

ധനുഷ് സംവിധാനം ചെയ്യുന് പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്.
ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ രാജ് കിരണിന്റെ കഥാപാത്രത്തെയും കാണാം. നേരത്തെ പുറത്തുവന്ന മറ്റൊരു പോസ്റ്ററില്‍ ഓല മേഞ്ഞ ഒരു കടയിലേക്ക് തിരിഞ്ഞു നടക്കുന്ന ധനുഷിന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്.
'ശിവനേശ് ഇഡ്‌ലി കടൈ' എന്നാണ് ഈ കടയുടെ ബോര്‍ഡില്‍ എഴുതിയിരുന്നത്. പിന്നാലെ ശിവനേശ് എന്നത് ധനുഷിന്റെ നായക കഥാപാത്രത്തിന്റെ പേരാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുമായി പ്രേക്ഷകരെത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.
നേരത്തെ പുറത്തുവന്ന റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഒരു തമിഴ്നാട് സ്റ്റേറ്റ് ബസായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം കഥ പറയുക എന്നുള്ള സൂചനകളാണ് ഇതുവരെയുള്ള പോസ്റ്ററുകളെല്ലാം നല്‍കുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.
ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.
Content Highlights: Dhanush's new film Idli Kadai First look poster out