
ദൈനംദിന ജീവിതത്തിൽ എന്തൊക്കെ തിരക്കുകൾ അനുഭവിക്കുന്ന മനുഷ്യരാണല്ലെ നമ്മൾ. വീട്ടിലെ ജോലികൾ, ഓഫീസിലെ ജോലി അതിന്റെ പ്രശ്‌നങ്ങൾ, പങ്കെടുക്കേണ്ട നിരവധി പരിപാടികൾ. ഇതിനിടെ സ്വന്തം കാര്യങ്ങൾക്കെങ്കിലും സമയം കിട്ടുന്നത് ഭാഗ്യം. ഇന്നത്തെ ഈ തിരക്കിട്ട ജീവിതത്തിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുക എന്നത് ഒരു 'ആർഭാട'മായി മാറിയിരിക്കുകയാണ്. എട്ടോ, ഒൻപതോ മണിക്കൂർ സുഖമായി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നത് ഏറ്റവും വലിയ സ്വപ്‌നമായി കൊണ്ടുനടക്കുന്നവരുമുണ്ട്. കൃത്യമായ ഉറക്കം ലഭിക്കാത്തത് പ്രമേഹം, ഹൃദ്‌രോഗം, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.
പക്ഷെ ചില സാഹചര്യങ്ങളിൽ ഉറക്കത്തെക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ജീവിതത്തിൽ വരികയാണെങ്കിൽ ഉറക്കം തൽകാലം മാറ്റിവയ്ക്കുക മാത്രമല്ലെ ചെയ്യാൻ കഴിയൂ… ഇതിനെ മറികടക്കാൻ സ്ലീപ് ബാങ്കിങ് എന്നൊരു തന്ത്രമുണ്ട്. ഇത് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസരങ്ങളിൽ തലച്ചോറിനെ ഒന്ന് പറ്റിക്കുന്ന പരിപാടിയാണ്.
എന്താണ് സ്ലീപ് ബാങ്കിങ്
ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ നമുക്ക് ഇതിനെ ഒരു ബാങ്ക് അക്കൗണ്ടിലെ പണവുമായി താരതമ്യം ചെയ്യാം. നിങ്ങൾ ബാങ്കിലെ പണം എത്രദിവസം കൂടുതൽ അവിടെ തന്നെ സൂക്ഷിക്കുന്നോ അത്രയും ലാഭം നിങ്ങൾക്ക് ലഭിക്കും, അല്ലെ?. അതുപോലെ ഒരുപാട് സമയം ഉറങ്ങാതിരിക്കേണ്ട സാഹചര്യം വരുമ്പോൾ നിങ്ങൾ എത്രനേരം ഉറങ്ങാതിരുന്നോ അത്രതന്നെ സമയം ഉറങ്ങി തീർക്കുന്നതിനെയാണ് സ്ലീപ് ബാങ്കിങ് എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഉറക്കത്തെ സ്റ്റോക്ക് ചെയ്ത് സൂക്ഷിച്ച് വയ്ക്കുക.
2023ൽ ജോണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം അവരുടെ ഗവേഷണ പ്രക്രിയ വ്യക്തമാക്കിയിരുന്നു. രാത്രി ഷിഫറ്റിൽ ജോലി ചെയ്യുന്ന 23 ഇന്റെൺസിനെയാണ് അവപർ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിൽ രാത്രി ഷിഫ്റ്റിന് മുൻപുള്ള ദിവസങ്ങളിൽ കൂടുതൽ സമയം ഉറങ്ങുകയും, പകൽ എട്ട് മണിക്കൂറിൽ കൂടുതൽ ഉറക്കവും, വിശ്രമവും ലഭിച്ച ഡോക്ടർമാർ നല്ല പ്രകടനം കാഴ്ച്ചവച്ചതായി കാണാൻ സാധിച്ചു.
ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ സമീപനം കൂടുതൽ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ചില മാനസിക സമ്മർദങ്ങൾ, ഓർമ്മക്കുറവ്,രോഗപ്രതിരോധശേഷിയിലെ കുറവ് എന്നവയ്ക്ക് പരിഹാരമാകാനും സ്ലീപ് ബാങ്കിങിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഉറക്കം ശരീരത്തിന് ഉണർവ് തരുന്ന പ്രധാനപ്പെട്ട സംഗതിയാണ്. ഉറക്കത്തിൽ ശരീരവും മനസും ഒരുപോലെ വിശ്രമിക്കുന്നു. ഇത് സമാധാമുള്ള സമയമാണ്. എന്നാൽ പലപ്പോഴും ഉറക്കം വേണ്ടവിധത്തിൽ പലർക്കും ലഭിക്കാറില്ല. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസിന്റെ പഠനമനുസരിച്ച് പ്രായപൂർത്തിയാകാത്തവരിൽ മൂന്നിൽ ഒരാൾക്ക് ഉറക്കക്കുറവ് ഉള്ളതായി വ്യക്തമാക്കുന്നു. പെട്ടെന്ന് ഇത് മൂലം പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും കാലക്രമേണ പ്രമേഹം പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്.
ഉറക്കക്കുറവിനെ മറികടക്കാനും സമ്മർദം നിയന്ത്രിക്കാനുമുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ പരിപോഷിപ്പിക്കാൻ സ്ലീപ് ബാങ്കിങിന് കഴിയും. നന്നായി ഉറങ്ങാൻ കഴിയുന്നവർക്ക് കൂടുതൽ വൈജ്ഞാനിക കഴിവുകളും ഉള്ളതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി ഉയർത്താനും കൃത്യമായ ഉറക്കം നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യകരമായ ജീവിതം നിങ്ങൾക്ക് സമ്മാനിക്കുന്നു.
ഇനിയൊന്ന് സ്ലീപ് ബാങ്കിങ് ഉപയോഗിച്ച് പരീക്ഷിച്ചാലോ?
Content Highlight; Sleep Banking: The Secret to Beating Burnout in a Busy Lifestyle