
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിലെയടക്കം വിവിധ സിനിമാമേഖലകളിലെ ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
ദിവസത്തില്‍ എട്ട് മണിക്കൂര്‍ ജോലി സമയമെന്നത് സിനിമയിലും പാലിക്കപ്പെടേണ്ടതാണെന്ന് നടന് അജയ് ദേവ്ഗണ്, സംവിധായകരായ മണിരത്നം, തരുണ്‍ മന്‍സുഖാനി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നടന് ബരുണ്‍ സോബ്തിയും ഈ ആവശ്യത്തെ പിന്തുണച്ചിരിക്കുകയാണ്.
'ഞാന്‍ എന്നെങ്കിലും നിര്‍മാതാവ് ആവുകയാണെങ്കില്‍ കുറച്ച് കരുണയും വിശാല മനസും ഉള്ള ആളാകണം എന്നാണ് ആഗ്രഹിക്കുന്നത്. ആളുകളെ പണിയെടുപ്പിച്ച് മടുപ്പിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. 8 മണിക്കൂര്‍ ഷിഫ്റ്റ് എന്ന രീതി തന്നെയായിരിക്കും ഞാന്‍ പിന്തുടരുക. 9-5 എന്ന രീതിയോടും എനിക്ക് വലിയ എതിര്‍പ്പില്ല.
എല്ലാ നിര്‍മാതാക്കളും 12 മണിക്കൂറൊക്കെ നമ്മള് പണിയെടുക്കണമെന്നാണ് പറയുന്നത്. അതു കഴിഞ്ഞ് രണ്ട് മണിക്കൂര്‍ ട്രാവല്‍ ചെയ്യാനും കാണും. തുച്ഛമായ പ്രതിഫലം കൂടിയാണ് ലഭിക്കുന്നതെങ്കില്‍ ഈ അവസ്ഥ വലിയ കഷ്ടപ്പാടായിരിക്കും,' ബരുണ്‍ സോബ്തി പറഞ്ഞു. മോഡലിങ്ങിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും അഭിനയത്തിലേക്ക് കടന്നുവന്ന ബരുണ്‍ സോബ്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ വെബ്സീരിസുകള് വലിയ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, പ്രഭാസ് നായകനായി ഒരുങ്ങുന്ന സ്പിരിറ്റില്‍ പുതിയ നായികയമായി തൃപ്തി ഡിമ്രിയെ തിരഞ്ഞെടുത്തതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭവിഹിതവും ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നുമാണ് പറയപ്പെടുന്നത്.
Content Highlights: Barun Sobti supports Deepika Padukone in 8 hr shift demand