
സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം 'ലിയോ' റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോകേഷ് നൽകിയ അഭിമുഖത്തിൽ താൻ എഴുതിയ മറ്റൊരു സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് സാധിക്കാതെ പോയതിനെ കുറിച്ചുമാണ് സംവിധായകൻ സംസാരിച്ചത്.
'ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തിരുമാനിച്ചിരുന്നു. 'മഫ്തി' എന്ന പേരിലാണ് ഞാൻ ആ കഥയെഴുതിയത്. ഒരു പൊലീസുകാരന്റെ കഥ. അദ്ദേഹത്തിന്റെ യൂണിഫോമിന്റെ സൈസ് വലുതായതിനാൽ അത് ശരിയാക്കാൻ ഒരു തയ്യൽക്കടയിൽ പോയി രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നു. ആ രണ്ട് മണിക്കൂർ സംഭവമാണ് സിനിമ. പക്ഷെ എന്റെ ഇപ്പോഴത്തെ സിനിമ തിരക്കുകൾ കാരണമാണ് അത് ചെയ്യാൻ സാധിക്കാത്തത്. അതുകൊണ്ട് ആ കഥ ഞാൻ എന്റെ സഹ സംവിധായകനെ ഏൽപ്പിച്ചു,' ലോകേഷ് പറഞ്ഞു.
ലോകേഷിന്റെ 'വിക്രം' സിനിമയിലെ ഫഹദിന്റെ എജന്റ് അമർ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം, വിജയ് നായകനായ ലിയോ ഈ മാസം 19-ന് റിലീസിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 41 മില്യൺ കാഴ്ച്ചാക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷ നൽകുന്നതാണ് ട്രെയ്ലർ എന്നും റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക