
ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട പരാതികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി സംഗീതജ്ഞൻ എ ആർ റഹ്മാൻ. വേദിയിൽ പ്രവേശിക്കാൻ കഴിയാത്ത ആളുകൾ അവരുടെ പരാതികൾ ഇവന്റ് സംഘാടകരുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
''പ്രിയപ്പെട്ട ചെന്നൈ മക്കളേ, ടിക്കറ്റുകൾ വാങ്ങുകയും നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം പ്രവേശിക്കാൻ കഴിയാതിരിക്കുകയും ചെയ്തവർ, നിങ്ങളുടെ പരാതികൾക്കൊപ്പം [email protected] എന്ന വിലാസത്തിൽ ടിക്കറ്റ് വാങ്ങിയതിന്റെ പകർപ്പ് പങ്കുവയ്ക്കുക. ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും'', എ ആർ റഹ്മാൻ കുറിച്ചു.
അമ്പതിനായിരത്തിലധികം പേരാണ് മറക്കുമാ നെഞ്ചം എന്ന ഷോ കാണാനെത്തിയത്. നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ തിങ്ങിയതോടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളടക്കം കുടുങ്ങുകയും ചെയ്തു. 2000 രൂപ വരെ കൊടുത്ത് സിറ്റിംഗ് സീറ്റ് ബുക്ക് ചെയ്തവർക്ക് പോലും വേദിയിൽ നിന്ന് ദൂരെമാറി തിരക്കിനിടയില് നിന്നാണ് പരിപാടിയില് പങ്കെടുക്കാനായത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ എ ആർ റഹ്മാനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് ആരാധകപക്ഷം. തിരക്കിനിടയിൽ സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമങ്ങള് നടന്നതായും ആരോപണമുണ്ട്. പരിപാടിയുടെ സംഘാടകരേയും എ ആര് റഹ്മാനേയും ടാഗ് ചെയ്ത് തിരക്കന്റെ വീഡിയോ പരിപാടിക്ക് എത്തിയവർ പോസ്റ്റ് ചെയ്തിരുന്നു.
Dearest Chennai Makkale, those of you who purchased tickets and weren’t able to enter owing to unfortunate circumstances, please do share a copy of your ticket purchase to [email protected] along with your grievances. Our team will respond asap🙏@BToSproductions @actcevents
— A.R.Rahman (@arrahman) September 11, 2023