3 കോടി രൂപ വാര്‍ഷിക വരുമാനം, ജോലി ആകാശത്ത്..പ്രൊഫഷണലുകളെ തിരഞ്ഞ് സ്റ്റാര്‍ബക്‌സ്

ക്യാപ്റ്റന്‍-പൈലറ്റ്-ഇന്‍-കമാന്‍ഡ് പോസ്റ്റാണ് ഉദ്യോഗാര്‍ഥിയെ കാത്തിരിക്കുന്നത്.

dot image

വാര്‍ഷിക വരുമാനം മൂന്നുകോടി രൂപ, പക്ഷേ ഓഫിസ് 35,000 അടി ഉയരത്തിലായിക്കണമെന്നുമാത്രം. ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ് തങ്ങള്‍ക്കായി പുതിയ ഉദ്യോഗാര്‍ഥിയെ തേടുകയാണ്. പരിചയ സമ്പന്നരായ പൈലറ്റിനെയാണ് സ്റ്റാര്‍ബക്‌സ് തിരയുന്നത്. ഇയാള്‍ സ്റ്റാര്‍ബക്‌സിന്റെ ആഭ്യന്തര, രാജ്യാന്തര തലങ്ങളിലെ അംബാസഡറായിരിക്കും.

ക്യാപ്റ്റന്‍-പൈലറ്റ്-ഇന്‍-കമാന്‍ഡ് പോസ്റ്റാണ് ഉദ്യോഗാര്‍ഥിയെ കാത്തിരിക്കുന്നത്. ഫ്രിഫ്‌ളൈറ്റ് പ്ലാനിങ്, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ജീവനക്കാരെ നിയന്ത്രിക്കുക, അംബാസഡറായി പ്രവര്‍ത്തിക്കുക എന്നിവയാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം.

സ്റ്റാര്‍ബക്‌സിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരുന്നതിനാല്‍ സേവന വൈദഗ്ധ്യവും പ്രൊഫഷണലിസവും നിര്‍ബന്ധമാണ്. സ്റ്റാര്‍ബക്‌സ് സിഇഒ ആയിരിക്കും പതിവുയാത്രക്കാരന്‍. ബ്രിയാന്‍ നിക്കോള്‍ പലപ്പോഴും കലിഫോര്‍ണിയയിലെ വസതിയില്‍ നിന്ന് സ്റ്റാര്‍ബക്‌സിന്റെ ആസ്ഥാനത്തേക്ക് ആയിരം മൈലുകള്‍ പിന്നിട്ടാണ് എത്താറുള്ളത്.

ഒരു കോര്‍പറേറ്റ് ഫ്‌ളൈറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്യാപ്റ്റനായുള്ള അഞ്ചുവര്‍ഷത്തെ അനുഭവപരിചയം ഉണ്ടായിരിക്കണം. ചുരുങ്ങിയത് 5000 മണിക്കൂര്‍ ഫ്‌ളൈയിങ് അനുഭവ സമ്പത്ത് ഉണ്ടായിരിക്കണം. എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ്, ഫസറ്റ്ക്ലാസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, എസിസി റെസ്ട്രിക്ട് ചെയ്ത റേഡിയോ ഓപ്പറേറ്റര്‍ പെര്‍മിറ്റ്.

സാധാരണ സ്റ്റാര്‍ബക്‌സ് ജീവനക്കാരന്റെ ശമ്പളത്തേക്കാള്‍ പത്തുമടങ്ങ് അധികമാണ് ഈ ജോലിക്ക് ലഭിക്കുന്ന ശമ്പളം. സ്റ്റാര്‍ബക്‌സ് കോഫി കമ്പനിയെ പോസിറ്റീവായി പ്രതിഫലിക്കുന്ന ഒരു വ്യക്തിത്വത്തെയാണ് ഇവര്‍ തേടുന്നത്.

സിയാറ്റില്‍ ആസ്ഥാനമായാണ് സ്റ്റാര്‍ബക്‌സ് പ്രവര്‍ത്തിക്കുന്നത്. 80 രാജ്യങ്ങളിലായി 35,700ല്‍ അധികം സ്റ്റോറുകള്‍ കമ്പനിക്കുണ്ട്.

Content Highlights: Soar to New Heights: Starbucks Hiring Pilot with ₹3 Crore Annual Package

dot image
To advertise here,contact us
dot image