

ദക്ഷിണേന്ത്യയിലെ സാങ്കേതിക നൈപുണ്യ പരിശീലന രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് എൻട്രി ആപ്പും ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ഔദ്യോഗികമായി കൈകോർക്കുന്നു. ഇൻഡസ്ട്രിക്ക് അനുയോജ്യമായ രീതിയിലുള്ള മികച്ച പരിശീലന പദ്ധതികൾ അവതരിപ്പിക്കുന്നതിനായി എൻട്രി ആപ്പ് സിഇഒ മുഹമ്മദ് ഹിസാമുദ്ദീനും ഐഐടി പാലക്കാട് IPTIF സിഇഒ ഡോ. സായ് ശ്യാം നാരായണനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഐഐടി പാലക്കാട് ക്യാമ്പസിൽ നടന്ന ചടങ്ങിൽ IPTIF COO ഡോ. റിജേഷ് കൃഷ്ണ, സ്കിൽ ഡെവലപ്‌മെന്റ് സീനിയർ അസോസിയേറ്റ് മധു വി.എം, എച്ച്ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ മാനേജർ ഡോ. രാജേശ്വരി ആർ എന്നിവരും എൻട്രി ആപ്പ് കണ്ടന്റ് ഓപ്പറേഷൻസ് ഹെഡ് റാഷിദ് മൊഹിയുദ്ദീൻ, ലേണിംഗ് ആൻഡ് ഇംപാക്ട് ഹെഡ് അശ്വിൻ കെ.ആർ, ടെക്‌നിക്കൽ സ്‌കില്ലിംഗ് വെർട്ടിക്കൽ ഹെഡ് നബീൽ അഹമ്മദ് ഒ.കെ, കാറ്റഗറി മാനേജർമാരായ റഫ്‌സൽ എ, സച്ചിൻ ബാബു ഒ.പി എന്നിവരും പങ്കെടുത്തു.
ഓൺലൈൻ പഠനത്തിനപ്പുറം ഐപിടിഐഎഫിലെ അത്യാധുനിക ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തീവ്ര പരിശീലനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ഇലക്ട്രിക് വെഹിക്കിൾ (EV) ടെക്‌നോളജി, മൊബൈൽ റോബോട്ട് ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലൂടെയാണ് ഈ സഹകരണത്തിന് തുടക്കമാകുന്നത്. വരും മാസങ്ങളിൽ എൻജിനീയറിങ് മേഖലയിലെ വ്യത്യസ്ത വിഷയങ്ങളിൽ ആറുമാസത്തെ വിപുലമായ കോഴ്‌സുകളും ആരംഭിക്കും.
ബാറ്ററി ടെസ്റ്റിംഗ്, 3D ഡിസൈനിംഗ്, റോബോട്ടിക്‌സ്, ഡ്രോൺ ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ തിയറി പഠനത്തിന് പകരം പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐടിഐ, ഡിപ്ലോമ, ബി.ടെക് വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും. ഐപിടിഐഎഫിലെ അത്യാധുനിക ഇൻഫ്രാസ്ട്രക്ചറും എൻട്രി ആപ്പിന്റെ വിപുലമായ വിദ്യാർത്ഥി ശൃംഖലയും ഒന്നിക്കുന്നതിലൂടെ മികച്ചൊരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlight: Entri App partners with IIT Palakka's IPTIF to launch hands-on courses in EV, robotics, and drone technology for engineers.