
കേന്ദ്ര സര്‍ക്കാര്‍ ജോലികളോടുള്ള യുവാക്കളുടെ ആഭിമുഖ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു ജോലിക്കും അതിന്‍റേതായ വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും താരതമ്യേന കോര്‍പറേറ്റീവ് സെക്ടറുകളേക്കാള്‍ സുരക്ഷിതവും സമ്മര്‍ദം കുറവുമാണ് സര്‍ക്കാര്‍ ജോലി. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടല്‍ ഭയവും വേണ്ട. കൂടാതെ മികച്ച ശമ്പളം, ചികിത്സാ സഹായം, വിരമിച്ചുകഴിഞ്ഞാലുള്ള നേട്ടങ്ങള്‍, ഹൗസിങ് തുടങ്ങി നിരവധി ജോലി സുരക്ഷയും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ സിവില്‍ സര്‍വീസ്
പേരും പെരുമയും ഒപ്പം അഭിമാനവും നല്‍കുന്ന ജോലികളിലൊന്നാണ് സിവില്‍ സര്‍വീസ്. യുപ്എസ്‌സി പരീക്ഷ പാസ്സായാല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് തുടങ്ങി വിവിധ റോളുകള്‍ റാങ്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനാവും. ഈ സിവില്‍ സെര്‍വന്റുകളാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നട്ടെല്ല് എന്നുപറയുന്നത്. മികച്ച മാസശമ്പളമാണ് ഈ ജോലി നല്‍കുന്നതും. 56,000 രൂപ മുതല്‍ ആരംഭിക്കുന്നതാണ് സിവില്‍ സെര്‍വന്റുകളുടെ ശമ്പളം. പിന്നീട് പദവികള്‍ ഉയരുന്നതിന് അനുസരിച്ച് ശമ്പളം രണ്ടരലക്ഷം വരെയായി ഉയരും.
ജുഡീഷ്യല്‍ സര്‍വീസ്
നിയമ ബിരുദം നേടിയിട്ടുള്ളവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാകും. ജഡ്ജ്, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നീ പദവികളിലെത്തുന്നതോടെ മികച്ച ശമ്പളവും സമൂഹത്തില്‍ ബഹുമാന്യമായ ഒരു സ്ഥാനവും ലഭിക്കും. വിരമിച്ചതിന് ശേഷമുള്ള പെന്‍ഷന്‍, അവധികള്‍, സുരക്ഷ, ഔദ്യോഗിത വസതി മുതലായ സൗകര്യങ്ങള്‍ ലഭിക്കും. ജില്ല ജഡ്ജ്, ഹൈക്കോടതി ജഡ്ജ്, സുപ്രീം കോടതി ജഡ്ജ് തുടങ്ങി പദവി അനുസരിച്ച് ശമ്പളത്തില്‍ വ്യത്യാസം വരും.
ഡിഫന്‍സ് സര്‍വീസ്
സായുധ സേനയില്‍ ഓഫീസറായി ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് മികച്ച കരിയറാണ്. സൗജന്യ താമസം, പെന്‍ഷന്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു ലെഫ്‌നനന്റിന്റെ ശമ്പളം 56,000 മുതലാണ് ആരംഭിക്കുന്നത്. റാങ്ക്, അനുഭവപരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ പദവികള്‍ ഉയരും. അതിനനുസരിച്ച് ശമ്പളവും. 1,50000 രൂപ വരെ നേടാം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രേഡ് ബി ഓഫീസര്‍
രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു സ്ഥാപനത്തിലെ ജോലിയാണ് എന്നതുതന്നെയാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു ഗ്രേഡ് ബി ഓഫീസര്‍ക്ക് 52,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളും കൂടി ചേരുമ്പോള്‍ ഈ തുക ഉയരും. ഒരുലക്ഷം വരെ ലഭിച്ചേക്കാം.
കോളജ് പ്രൊഫസര്‍
നിങ്ങള്‍ ഒരു പുസ്തകപ്പുഴുവും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി കൊടുക്കുന്നതില്‍ നിപുണനും ആണെങ്കില്‍ മറ്റൊന്നും നോക്കേണ്ട. മികച്ച ശമ്പളം, സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന പദവി, വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നിവ ഇത്രത്തോളം മികച്ചതായി ലഭിക്കുന്ന മറ്റൊരു ജോലിയില്ല. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് 57,700 ആണ് സര്‍ക്കാര്‍ ലക്ചര്‍ അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ തുടക്ക ശമ്പളം. അനുഭവസമ്പത്തും പ്രമൊഷനും ലഭിക്കുന്നത് അനുസരിച്ച് ഇത് പിന്നീട് 1,44,200 ആയി ഉയരും.
ശാസ്ത്രജ്ഞര്‍, ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍
സയന്‍സിലും ടെക്‌നോളജിയിലും അതീവ തല്പരരായവര്‍ക്ക് തിരഞ്ഞെടുക്കാനാവുന്ന ഏറ്റവും മികച്ച ജോലികളിലൊന്നാണ് ഇത്. മികച്ച ശമ്പളവും സമൂഹത്തില്‍ ഉയര്‍ന്ന പദവിയും നിങ്ങള്‍ക്ക് നേടാം. 56,000 മുതല്‍ 1,77,500 വരെയാണ് ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെ.
Content Highlights: Top Government Jobs in India: High-Paying Career Options