

തിരുവനന്തപുരം: റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് പര്‍വേഷ് നാദിര്‍ അലിയാണ് പൂജപ്പുര പൊലീസിന്റെ പിടിയിലായത്.
പൂജപ്പുര അന്‍വര്‍ ഗാര്‍ഡനിലെ റെയില്‍വേ എഞ്ചിനീയര്‍ വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏപ്രില്‍ ഇരുപതിനായിരുന്നു സംഭവം. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ അകത്തുകയറിയത്. മുന്‍ വാതില്‍ തകര്‍ത്ത് ബെഡ് റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷം രൂപയുടെ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.
തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പര്‍വേഷ് നാദിര്‍ അലിക്കെതിരെ കേസുകളുണ്ട്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതി. തൃശൂരില്‍ നിന്ന് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
Content Highlights: Robbery at railway official's house; thief from another state arrested