

എരുമേലി: കാഞ്ഞിരപ്പള്ളിയില്‍ പത്തുവയസുള്ള കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച ചിറ്റാര്‍ സ്വദേശിയെ പിടികൂടിയ പൊലീസ് മാലക്കള്ളന്റെ മോഷണ ചരിത്രം മനസിലാക്കിയ അമ്പരപ്പിലാണ്. പത്തനംതിട്ട ചിറ്റാര്‍ ഗ്രാമത്തില്‍ മണക്കയം പുത്തന്‍ പറമ്പില്‍ ഷാജി തോമസ് എന്ന അച്ചായി ഷാജിയാണ് മാലക്കേസില്‍ പിടിയിലായത്. കാളകെട്ടി ആലുരുമ്പു റോഡില്‍ സൈക്കിളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരക്കി അറിഞ്ഞത്.
കെഎസ്ആര്‍ടി ബസും സ്‌കൂള്‍ ബസും അടക്കം മോഷ്ടിച്ചതുള്‍പ്പെടെ 25ഓളം കേസുകളില്‍ പ്രതിയായ ഷാജി ജയിലില്‍ കഴിയാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണങ്ങള്‍ നടത്തുന്നതെന്നാണ് പറയുന്നത്. ജയിലില്‍ പോകാനുള്ള ആഗ്രഹം മൂലം 2022ല്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ എത്തി തന്നെ ജയിലില്‍ അടയ്ക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ സ്റ്റേഷനിലെ സ്‌കാനറും കസേരകളും തല്ലിത്തകര്‍ക്കുകയും പൊലീസ് വാഹനത്തിന് ഇയാള്‍ കല്ലെറിയുകയും ചെയ്തിരുന്നു.
2024ലായിരുന്നു ഷാജി കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചത്. പത്തനംതിട്ട സ്റ്റാന്‍ഡില്‍ നിന്ന് റാന്നി - ചിറ്റാര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് ഒരു ദിവസം പുലര്‍ച്ചെ 3.30ഓടെയാണ് ഇയാള്‍ ഓടിച്ചുകൊണ്ടു പോയത്. കുമ്പനാട് ഭാഗത്ത് ഇയാള്‍ ബസ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പോകാന്‍ വാഹനം ഇല്ലാത്തുതുകൊണ്ടാണ് ബസ് എടുത്തതെന്നായിരുന്നു ഇയാളുടെ വിചിത്ര മൊഴി. ഇതുകൂടാതെ തിരുവല്ലയില്‍ നിന്നൊരു സ്വകാര്യ ബസും ഇയാള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. മുമ്പ് സ്വകാര്യ ബസുകളില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ഒരു സ്വകാര്യ ബസ് മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള താത്പര്യവും കഴിവുമാണ് ഇത്തരം മോഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.
മയക്കുമരുന്ന് ഇടപാടുകളും ക്രിമിനല്‍ പശ്ചാത്തലവും ലഹരി ഉപയോഗവും പ്രതിക്കുണ്ട്. പുറത്ത് ജീവിക്കാന്‍ മടുപ്പാണെന്നും ജയിലില്‍ സുഖമായി കഴിയാമെന്നുമാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ജയിലിലടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇയാള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംഭവം. വൈകിട്ട് നാലിനാണ് ഇയാള്‍ മാലമോഷ്ടിച്ച് കടന്നത്. കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: A chain theft accused in Pathanamthitta has reportedly told police he feels more comfortable living in prison than outside