രാത്രിയിൽ ഒരുപാട് മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നു, അത് ആസ്വദിച്ചു; ഈ യാത്ര വീട്ടിൽ പറഞ്ഞിരുന്നില്ല: ശരണ്യ

'ഡ്രോണുകളടക്കം തെരച്ചിലിനെത്തിയാല്‍ ശ്രദ്ധയില്‍ പെടാനാണ് പാറയുടെ പുറത്ത് ഇരുന്നത്'

രാത്രിയിൽ ഒരുപാട് മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നു, അത് ആസ്വദിച്ചു; ഈ യാത്ര വീട്ടിൽ പറഞ്ഞിരുന്നില്ല: ശരണ്യ
dot image

കോഴിക്കോട്: വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കഴിഞ്ഞതെന്നും ആരെങ്കിലും രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുടകില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിയ മലയാളി യുവതി ശരണ്യ. ഡ്രോണുകളടക്കം തെരച്ചിലിനെത്തിയാല്‍ ശ്രദ്ധയില്‍ പെടാനാണ് പാറയുടെ പുറത്ത് ഇരുന്നത്. ഇടവേളകളില്‍ ഉച്ചത്തില്‍ കൂവി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.

ഇത്തരത്തില്‍ കൂവി നോക്കിയപ്പോള്‍ തിരിച്ച് കൂവിയതാണ് രക്ഷാസംഘത്തെ കണ്ടുമുട്ടാന്‍ സഹായകമായതെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യാത്രകള്‍ വലിയ ഇഷ്ടമാണ്. ഇനിയും യാത്ര പോകാന്‍ ആഗ്രഹം ഉണ്ട്. ഈ യാത്ര പോയത് വീട്ടില്‍ പറഞ്ഞിരുന്നില്ല. രാത്രിയില്‍ ഒരുപാട് മിന്നാമിനുങ്ങുകള്‍ ഉണ്ടായിരുന്നുവെന്നും അത് ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാലു ദിവസത്തെ തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു ഉള്‍വനത്തില്‍ നിന്ന് ശരണ്യയെ കണ്ടെത്തിയത്. വഴിതെറ്റിയതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങുകയായിരുന്നു എന്നായിരുന്നു ശരണ്യ വനത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. കയ്യില്‍ അഞ്ഞൂറ് മില്ലിയുടെ വെള്ളക്കുപ്പി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആനയുള്ള സ്ഥലമാണെന്ന് തോന്നിയിരുന്നുവെന്നും ശരണ്യ പറഞ്ഞിരുന്നു.

കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉൾപ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ ഇതിനിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യക്കായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടൽ നടത്തിയിരുന്നു.

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകിൽ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് അനുമതിയില്ലാത്തതിനാൽ ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്‌ക്കൊപ്പം ഒൻപത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

Content Highlights: saranya about the survival who missing at kudak forest

dot image
To advertise here,contact us
dot image