

തിരുവനന്തപുരം: പത്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പല തലമുറകളോട് മത്സരിച്ച് പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്ന നടനാണ് മമ്മൂട്ടിയെന്നും മാറുന്ന കാലത്തിനും മൂല്യത്തിനുമൊത്ത് അദ്ദേഹം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടിയാകാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിക്കാനെടുത്ത കാലതാമസത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വർഷമായി തങ്ങൾ ഇത് സംബന്ധിച്ച് ശുപാർശ നൽകുകയാണെന്നും ഈ സന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. എട്ട് മലയാളികള്‍ക്കാണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മമ്മൂട്ടിക്കും വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും പുരസ്‌കാരങ്ങളുണ്ട്. മരണാനന്തര ബഹുമതിയായാണ് വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.
Content Highlight; Chief Minister Pinarayi Vijayan congratulates Mammootty on receiving the Padma Bhushan