'മുഖത്തടിച്ചു, ബെഞ്ചിലേക്ക് വലിച്ചിട്ടു'; കാസർകോട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകരുടെ മർദ്ദനമെന്ന് പരാതി

അധ്യാപികയെ കളിയാക്കിയെന്നാരോപിച്ച് അധ്യാപകർ ചേർന്ന് മർദ്ദിച്ചതായാണ് ആരോപണം

dot image

കാസര്‍കോട്: കാസര്‍കോട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി. നായന്മാര്‍മൂലയിലെ തന്‍ബിയര്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് വിദ്യാര്‍ത്ഥി പറയുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപിക വിദ്യാര്‍ത്ഥിയോട് ബോര്‍ഡില്‍ ഒരു കാര്യം എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി അതിന് തയ്യാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ് ആരോപണം.

ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുവരുത്തി അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി റിപ്പോർട്ടറിനോട് പറഞ്ഞത്. അധ്യാപികയെ കളിയാക്കിയത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. അധ്യാപകരില്‍ ഒരാള്‍ മുഖത്തടിക്കുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബെഞ്ചിലേക്ക് വലിച്ചിട്ടതായും വിദ്യാര്‍ത്ഥി പറഞ്ഞു. ഈ അധ്യാപകന്‍ അസഭ്യം പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞു. മറ്റൊരു അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പറഞ്ഞു. കളിയാക്കിയോ എന്ന കാര്യത്തില്‍ സത്യം പറയണമെന്നും അല്ലാത്ത പക്ഷം കേസാകുമെന്നും പറഞ്ഞായിരുന്നു ഭീഷണിയെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.

സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് ഇതേപ്പറ്റി അധ്യാപകരോട് ചോദിച്ചപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനം.

Content Highlights- Seventh class student complaint against teachers who attacked him in staff room in kasaragod

dot image
To advertise here,contact us
dot image