മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം; ഭരണസമിതിക്കെതിരെ ജനകീയ കൂട്ടായ്മ രംഗത്ത്

ജനകീയസമിതി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി

dot image

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. പ്രശ്‌ന പരിഹാരത്തിന് ഇടപെടാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ രംഗത്ത്. പഞ്ചായത്തിലെ 6,7,15,17,18,19,20,21 വാര്‍ഡുകളിലെ ജനങ്ങളാണ് ഈ മഴക്കാലത്ത് ദുരിതത്തിലായത്.

എ സി കനാലില്‍ നിന്ന് വേമ്പനാട് കായലിലേക്ക് പതിക്കുന്ന പ്രധാന തോട് ഒഴുകുന്നത് ഈ വാര്‍ഡുകളിലൂടെയാണ്. 17-ാം വാര്‍ഡിലെ ജനവാസ മേഖലയിലൂടെ പൂര്‍ണ്ണമായും ഒഴുകുന്ന ഈ തോട് വെള്ളം ഉള്‍കൊള്ളാനാവാതെ കരകവിഞ്ഞൊഴുകുകയാണ്. 2018ലെ പ്രളയത്തിന് ശേഷം ആണ് ഇത്തരത്തില്‍ ഒരു ദുരിതം ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്.

പ്രധാന തോട് മുഴുവനായി ആഴം കൂട്ടി കല്ല് കെട്ടി സംരക്ഷിക്കുക, വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കാനകള്‍ നിര്‍മ്മിക്കുക, നീരൊഴുക്ക് സുഗമമാക്കുന്നതിന് തോടിന് കുറുകെ കലുങ്കുകള്‍ പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയസമിതി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ നവാസ് തുരുത്തിയില്‍, പതിനേഴാം വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ ഷാജി, ഹാരിസ് പനയ്ക്കല്‍, സജീര്‍ കാസിം, നിഷാദ് അമ്പലക്കടവ്, നസീര്‍ മോന്‍, സുല്‍ഫത്ത് നസീര്‍ , നിഷാദ് മാച്ചനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ജനകീയ മാര്‍ച്ചില്‍ പങ്കെടുത്തു.

Content Highlights: Waterlogging in various wards of Mannancheri Panchayat Alappuzha

dot image
To advertise here,contact us
dot image