

ഡല്‍ഹി: രമേശ് ചെന്നിത്തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കറിനെ പെയ്ഡ് ക്യാരക്ടറെന്ന് വിളിച്ചതിനെതിരെ പ്രതികരിച്ച് മണിശങ്കര്‍. യുഡിഎഫ് എന്നെ പെയ്ഡ് ആക്ടര്‍ എന്ന് വിളിക്കുന്നതിനെ ഞാന്‍ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പെയ്ഡ് ക്യാരക്ടര്‍ എന്ന് വിളിക്കുമ്പോഴും രമേശ് ചെന്നിത്തലയുടെ അവസാന സാലറി എത്രയാണെന്നും മണിശങ്കര്‍ ചോദിക്കുന്നു.
ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. പിണറായി വിജയന്റെ വികസന നേട്ടങ്ങള്‍ കഴിഞ്ഞദിവസം കണ്ടറിഞ്ഞു. ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എനിക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവരാരും പാര്‍ട്ടി മെമ്പര്‍മാര്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് ജയിക്കണമെന്നാണ് എന്റെ ആഗ്രഹം.എന്നാല്‍ ഗാന്ധിയന്‍ എന്ന നിലയില്‍ ഞാന്‍ കണ്ടറിഞ്ഞ സത്യമാണ് പറഞ്ഞത്. എന്നെ കോണ്‍ഗ്രസാണ് ചവിട്ടി പുറത്താക്കിയത്. രാജീവ് ഗാന്ധിയുടെ ആത്മസുഹൃത്ത് ആയിരുന്നു ഞാന്‍. സ്വാതന്ത്ര്യത്തിനുശേഷം ഒരേ മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ വിജയിച്ച ഏക ബ്രാഹ്‌മണനാണ് ഞാന്‍. 21 വര്‍ഷമായി എഐസിസി മീറ്റിങ്ങുകള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. ഒരിക്കലും സംസാരിക്കാന്‍ അവസരം തന്നിട്ടില്ല'.- എന്നും മണിശങ്കര്‍ പറഞ്ഞു.
ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'വിഷന്‍ 2031' എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കര്‍ അയ്യര്‍ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയന്‍തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Mani Shankar Aiyar said that I do not take seriously the UDF calling me a paid actor.