
1993ൽ ടോം ഹാങ്ക്സ് നായകനായി, 'ഫിലാഡൽഫിയ' എന്ന ഹോളിവുഡ് ചിത്രം റിലീസ് ചെയ്തു. ഒരു ക്വിയർ വ്യക്തി എയ്ഡ്സ് ബാധിതനാകുന്നതും ആ കാരണത്താൽ അയാളുടെ ജോലി നഷ്ടമാകുന്നതും തുടർന്ന് അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം. അന്നുവരെ ഹോളിവുഡിന്റെ മെയിൻ സ്ട്രീമിൽ അത്ര ചർച്ച വിഷയമല്ലാതിരുന്ന ക്വിയർ ജീവിത സംഘർഷങ്ങളെ ആ ചിത്രം മനോഹരമായി അടയാളപ്പെടുത്തി. 30 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ' എന്ന മലയാള സിനിമയും ക്വിയർ കമ്മ്യൂണിറ്റിയെക്കുറിച്ച് മനോഹരമായി തന്നെ സംസാരിച്ചിരിക്കുകയാണ്. മമ്മൂട്ടി എന്ന താരമൂല്യമുള്ള, മലയാളത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള നായകൻ ഈ സിനിമയിലൂടെ ആ വിഭാഗത്ത് ചേർത്തുപിടിക്കുക മാത്രമല്ല ചെയ്തത്, നേരെ മറിച്ച് ക്വിയർ കമ്മ്യൂണിറ്റിയെക്കുറിച്ചുളള മലയാള സിനിമയുടെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുക കൂടിയാണ്.