ഇസ്രയേൽ, മാധ്യമ പ്രവർത്തകരേയും കൊല്ലുമ്പോൾ

ഗാസയിലെ നിങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നായിരുന്നു ഇസ്രായേലിന്റെ പക്ഷം

സ്വന്തം നാട് ചുട്ടുചാമ്പലാക്കപ്പെടുമ്പോഴും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികിലിരുന്ന് തങ്ങളുടെ തൊഴില്‍ ചെയ്യേണ്ടിവരുന്നവരാണ് ഗാസയിലെ മാധ്യമപ്രവര്‍ത്തകര്‍. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ (സിപിജെ) കണക്കുകള്‍ പ്രകാരം യുദ്ധം ആരംഭിച്ചതു മുതല്‍ നാല്‍പതിലധികം മാധ്യമപ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.

കൊല്ലപ്പെട്ടവരില്‍ 35 പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരും നാല് ഇസ്രായേലി മാധ്യമപ്രവര്‍ത്തകരും ഒരു ലെബനീസ് മാധ്യമപ്രവര്‍ത്തകനുമുണ്ട്. ഇസ്രായേല്‍ - പലസ്തീന്‍ യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഇസ്രയേല്‍ സൈന്യം മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഗാസയിലെ നിങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നായിരുന്നു ഇസ്രായേലിന്റെ പക്ഷം. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികളായ റോയിട്ടേഴ്‌സിനോടും എഎഫ്പിയോടുമാണ് ഇസ്രായേല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകരോട് ഇസ്രായേല്‍ യുദ്ധക്കുറ്റം ചെയ്യുന്നുവെന്നാരോപിച്ച് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രഗത്ഭരായ 80 മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ജേണലിസ്റ്റ്‌സ് ഇറക്കിയെങ്കിലും ഇസ്രയേല്‍ അതൊന്നും ഗൗനിക്കുന്നതേയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com