'യൂടൂബിൽ പാട്ട് പാടിക്കാൻ കൊണ്ടുപോയി പീഡനം'; ഫോണും പണവും നൽകി, മാതാവിന് സംശയം തോന്നിയതോടെ പിടിവീണു
കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തൽമണ്ണയിൽവെച്ചും പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു
24 Jan 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുറ്റിപ്പുറം: 12കാരനെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യൂടൂബിൽ പാട്ട് പാടിക്കാനെന്ന് വ്യാജേനെയായിരുന്നു കുട്ടിയെ മൂന്ന് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. മാസങ്ങളോളം പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്തുപറയാതിരിക്കാൻ ഫോണും കൈനിറയെ പണവും നൽകി. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാവിന്റെ ഇടപെടലാണ് നിർണായകമായത്. പെരുമാറ്റത്തിലെ മാറ്റങ്ങളിൽ സംശയം തോന്നിയ കുട്ടിയുടെ മാതാവ് ഡോക്ടറെ സമീപിച്ചു. ഇതോടെയാണ് ക്രൂര ലൈെംഗിക പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
പാറമ്മൽ ഉസാമ(47) പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലാവുന്നത്. പാറമ്മൽ ഉസാമ പൊതുപ്രവർത്തകൻ കൂടിയാണ്. യൂടൂബിൽ പാട്ടുപാടിക്കാനാണ് 12കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പല സ്ഥലങ്ങളിൽ കൊണ്ടുപോയത്. ചോലക്കാടൻ ഉമ്മറാണ് യൂടൂബ് ചാനൽ നടത്തുന്നത്. ഉസാമ പൊതുപ്രവർത്തകനായതിനാൽ തന്നെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ പ്രതികൾക്ക് അതിവേഗം സാധിച്ചു. ആദ്യത്തെ തവണ കുട്ടി വീട്ടുകാരോട് പീഡന വിവരം പറയാതിരുന്നതോടെ മൂവർക്കും കുറ്റകൃത്യം തുടരാൻ ധൈര്യം പകർന്നു.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തൽമണ്ണയിൽവെച്ചും പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. വേങ്ങൂരിലെ തയ്യൽക്കടയിൽവെച്ചും ഒരു റബർ തോട്ടത്തിൽവെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഉപദ്രവം തുടരുന്നതിനിടയിൽ കുട്ടിക്ക് മൊബൈൽ ഫോണും പണവും നൽകി. യൂടൂബ് ചാനലിന്റെ പേരിലാണ് പലയിടങ്ങളിൽ കൊണ്ടുപോയിരുന്നത്. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു.
കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികൾക്ക് കേസിനെക്കുറിച്ച് വിവരം ലഭിക്കും മുൻപ് നടത്തിയ നീക്കമാണ് അതിവേഗ അറസ്റ്റിന് സഹായിച്ചത്. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കും. പോസ്കോ വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
- TAGS:
- Rapecase
- POSCO Act
- Child Abuse