Top

ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടും അത്യാഹിതം; പന്ത് തലയില്‍ക്കൊണ്ട് വിന്‍ഡീസ് യുവതാരം ആശുപത്രിയില്‍ -വീഡിയോ

പന്ത് തലയില്‍ക്കൊണ്ടതിനു പിന്നാലെ തന്നെ വേദനയില്‍ പുളഞ്ഞ സോളോസാനോ ഹെല്‍മെറ്റ് വലിച്ച് ഊരിയെങ്കിലും ഉടനടി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു.

21 Nov 2021 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടും അത്യാഹിതം; പന്ത് തലയില്‍ക്കൊണ്ട് വിന്‍ഡീസ് യുവതാരം ആശുപത്രിയില്‍ -വീഡിയോ
X

ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു വീണ്ടും നടുക്കുന്ന വാര്‍ത്ത. ശ്രീലങ്ക-വെസ്റ്റിന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് തലയില്‍ക്കൊണ്ട് വിന്‍ഡീസ് യുവതാരം ആശുപത്രിയില്‍. മത്സരത്തിന്റെ ഒന്നാം ദിനമായ ഇന്ന് വിന്‍ഡീസ് കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജെറമി സോളോസാനോയാണ് തലയ്ക്കു പരുക്കേറ്റ് ഗ്രൗണ്ടില്‍ വീണത്.

മത്സരത്തിന്റെ 24-ാം ഓവറിലാണ് സംഭവം. ലങ്കന്‍ നായകനും ഓപ്പണറുമായ ദിമുത് കരുണരത്നയുടെ പുള്‍ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയുടെ ഹെല്‍മെറ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

പന്ത് തലയില്‍ക്കൊണ്ടതിനു പിന്നാലെ തന്നെ വേദനയില്‍ പുളഞ്ഞ സോളോസാനോ ഹെല്‍മെറ്റ് വലിച്ച് ഊരിയെങ്കിലും ഉടനടി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ഓടിയെത്തിയ മെഡിക്കല്‍ സംഘം താരത്തെ ഗ്രൗണ്ടില്‍ വച്ചു തന്നെ പ്രാഥമിക പരിശോധനകളും ശുശ്രുഷകളും നടത്തി. ഈ സമയത്തൊന്നും സോളോസാനോ കാര്യമായി ചലിക്കുന്നുണ്ടായിരുന്നില്ല.


പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം താരത്തെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റി. താരത്തെ വിദഗ്ധ പരിശോധനയ്ക്കും സ്‌കാനിങ്ങിനും വിധേയനാക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അതേസമയം ആരോഗ്യനില എങ്ങനെയെന്നതു സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിടുന്നില്ല.

26 വയസുകാരനായ ജെറമി അരങ്ങേറ്റ മത്സരമാണ് ഇന്ന് കളിക്കുന്നത്. ജെറമിക്ക് പകരം സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഷായ് ഹോപ് കളത്തിലിറങ്ങി. മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ കരുണരത്നെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് ന്ഷടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് ലങ്ക.

കരുണരത്‌നയുടെ സെഞ്ചുറിയും ഓപ്പണര്‍ പാതും നിസാങ്കയുടെ അര്‍ധസെഞ്ചുറിയുമാണ് ലങ്കയ്ക്ക് തുണയായത്. നിസാങ്ക 140 പന്തില്‍ 56 റണ്‍സ് നേടി പുറത്തായപ്പോള്‍ 243 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളുമായി 119 റണ്‍സോടെ കരുണരത്‌നെ പുറത്താകാതെ നില്‍ക്കുകയാണ്. 34 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയാണ് കൂട്ടായി ക്രീസില്‍. അപരാജിത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നു റണ്‍സ് വീതം നേടിയ ഒഷാഡ ഫെര്‍ണാന്‍ഡോ, എയ്ഞ്ചലോ മാത്യൂസ് എന്നിവരാണ് പുറത്തായ മറ്റു ലങ്കന്‍ ബാറ്റര്‍മാര്‍.

Next Story

Popular Stories