
അഹമ്മദാബാദ്: 2024ലെ ഐസിസി അണ്ടർ 19 ലോകകപ്പിന് വേദിമാറ്റം. ദക്ഷിണാഫ്രിക്കയാണ് പുതിയ വേദി. നേരത്തെ ശ്രീലങ്ക ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. ശ്രീലങ്കൻ ക്രിക്കറ്റിന് ഐസിസി വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് വേദിമാറ്റം. ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടൽ ആരോപിച്ചായിരുന്നു ഐസിസിയുടെ നടപടി. വിലക്കുണ്ടെങ്കിലും ശ്രീലങ്കയ്ക്ക് ഐസിസി ടൂർണമെന്റുകളിലും ഏകദിന പരമ്പരകളിലും കളിക്കാൻ സാധിക്കും. എങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിന്റെ പണമിടപാടുകൾ ഐസിസി നിയന്ത്രണത്തിലായിരിക്കും.
ജനുവരി 13 മുതലാണ് ഐസിസിയുടെ അണ്ടർ 19 ലോകകപ്പിന് തുടക്കമാകുക. പതിവ് ക്വാർട്ടർ ഫൈനലിന് പകരം സൂപ്പർ സിക്സ് നടത്തിയാണ് ഇത്തവണ സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുക. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകൾ സൂപ്പർ സിക്സ് റൗണ്ടിന് യോഗ്യത നേടും. ആകെ 12 ടീമുകളാണ് സൂപ്പർ സിക്സ് റൗണ്ടിന് യോഗ്യത നേടുക.
ഓരോ ഗ്രൂപ്പിലും നാലാം സ്ഥാനത്തെത്തിയ ടീമുകൾക്ക് ഒരു അവസാന മത്സരമുണ്ട്. ഗ്രൂപ്പ് എയിൽ നാലാമെത്തിയ ടീം ഗ്രൂപ്പ് ഡിയിലെ നാലാം സ്ഥാനക്കാരെ നേരിടും. ഗ്രൂപ്പ് ബിയിലെ നാലാം ടീം ഗ്രൂപ്പ് സിയിലെ നാലാം ടീമിനെയും നേരിടും.
സൂപ്പർ സിക്സിലെത്തിയ 12 ടീമുകളെ ആറ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. എങ്കിലും സൂപ്പർ സിക്സിൽ ഒരു ടീമിന് രണ്ട് മത്സരം മാത്രമെ ഉണ്ടാകുകയൊള്ളു. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ടീം മറ്റൊരു ഗ്രൂപ്പിലെ രണ്ട്, മൂന്ന് സ്ഥാനക്കാരെയാണ് നേരിടുക. ഉദാഹരണമായി ഗ്രൂപ്പ് എ യിൽ ഒന്നാമതെത്തിയ ടീം ഗ്രൂപ്പ് ഡിയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരെയാണ് നേരിടുക. സൂപ്പർ സിക്സിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയ ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.
ആദ്യ റൗണ്ടിൽ ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ. അണ്ടർ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരും ഇന്ത്യയാണ്. ഫെബ്രുവരി നാലിനാണ് അണ്ടർ 19 ലോകകപ്പ് ഫൈനൽ നടക്കുന്നത്.