
ഡൽഹി: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര ഓസ്ട്രേലിയയ്ക്കെതിരായാണ്. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് ട്വന്റി20 മത്സരങ്ങളാണ് നടക്കുന്നത്. എന്നാൽ ലോകകപ്പ് കളിക്കുന്ന മുൻനിര താരങ്ങൾക്ക് ഈ ടീമിൽ നിന്ന് വിശ്രമം അനുവദിച്ചേക്കും. യുവതാരങ്ങൾക്ക് മുൻഗണന നൽകിയുള്ള ടീമാകും ഓസ്ട്രേലിയക്കെതിരെ കളിക്കുക. ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം സഞ്ജു സാംസണും പേസർ ഭുവനേശ്വർ കുമാറും.
ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യ വിശ്രമം നൽകിയേക്കും. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റ് കളിക്കാത്ത സാഹചര്യത്തിൽ ഹാർദിക് ആണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ഓസ്ട്രേലിയയക്കെതിരെ പകരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെയോ ഋതുരാജ് ഗെയ്ക്വാദിനെയോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയേക്കും എന്നും സൂചനകളുണ്ട്. നവംബർ 26നു നടക്കുന്ന രണ്ടാം ട്വന്റി20 മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഗ്രീന്ഫീൽഡ് സ്റ്റേഡിയമാണ്. സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ മലയാളി താരം ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. 2022 നവംബറിൽ ന്യുസീലൻഡിനെതിരായാണ് ഭുവനേശ്വർ കുമാർ അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന താരങ്ങളും ടീം പ്രഖ്യാപനത്തിനായി കാത്തിരിപ്പിലാണ്. തിലക് വർമ, റിങ്കു സിങ്, അര്ഷ്ദീപ് സിങ്, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള് എന്നിവർക്ക് ടീമിലെത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.