തകർത്തടിച്ച് സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം

ചണ്ഡീഗഢിനെ കേരളം ഏഴ് റണ്‍സിന് പരാജയപ്പെടുത്തി.
തകർത്തടിച്ച് സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തില്‍ ചണ്ഡീഗഢിനെ കേരളം ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. കേരളം മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചണ്ഡീഗഢിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ നാലാം വിജയുമായി കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. നായകന്‍ സഞ്ജു സാംസൺ അര്‍ധസെഞ്ച്വറി നേടി തിളങ്ങി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. കേരളത്തിനായി സഞ്ജു 32 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. നാല് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 47 റണ്‍സെടുത്ത വരുണ്‍ നായനാരും 42 റണ്‍സ് നേടിയ വിഷ്ണു വിനോദും 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും കേരളത്തിനായി തിളങ്ങി.

194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ചണ്ഡീഗഢ് നിരയിൽ ക്യാപ്റ്റനും ഓപ്പണറുമായ മനന്‍ വോറയുടെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്. താരം പുറത്താവാതെ 61 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത് ചണ്ഡീഗഢിന് വിജയപ്രതീക്ഷ നൽകി. എന്നാൽ മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാൻ കഴിയാതെ പോയത് തിരിച്ചടിയായി. ശിവം ഭാംബ്രി (29), ഭാഗ്‌മേന്ദര്‍ ലാതര്‍ (12 പന്തില്‍ 31) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. അര്‍ജുന്‍ ആസാദ് (6), അര്‍ജിത് പാന്നു (0), അഭിഷേക് സിംഗ് (2), ഗൗരവ് പുരി (12) എന്നീ താരങ്ങൾ പുറത്തായി. കേരളത്തിനായി ബേസില്‍ തമ്പി, വിനോദ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com