

26-ാം വയസ്സിൽ കോടികളുടെ വരുമാനം, പക്ഷേ ജീവിതച്ചെലവിൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം. ഗൂഗിൾ ജീവനക്കാരനായ ചാൾസ് ബ്രൂംഫീൽഡിന്റെ സാമ്പത്തിക അച്ചടക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ഗൂഗിളിൽ AI സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്യുന്ന ചാൾസ് ബ്രൂംഫീൽഡാണ് വ്യത്യസ്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്നത്. 2026ൽ ഏകദേശം 3 കോടി രൂപ വരുമാനം പ്രതീക്ഷിക്കുമ്പോഴും പുറത്തു നിന്നുള്ള ഭക്ഷണത്തിനായി ഒരു മാസം ശരാശരി ചെലവാക്കുന്നത് വെറും 2,600 രൂപ മാത്രം. ഗൂഗിൾ ഓഫീസിലെ സൗജന്യ ഭക്ഷണസൗകര്യമാണ് ഇതിന് പ്രധാന കാരണം.
ബ്രൂംഫീൽഡിന്റെ ലക്ഷ്യം വലിയ ശമ്പളം നേടുക മാത്രമല്ല, മുപ്പതാം വയസ്സിന് മുമ്പ് സാമ്പത്തിക സ്വാതന്ത്ര്യം നേടുക കൂടിയാണ്. അതിനായി വരുമാനത്തിന്റെ ഏകദേശം 90 ശതമാനവും നിക്ഷേപത്തിലേക്ക് മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. ആഡംബര കാറുകൾക്കും വിലകൂടിയ വീടുകൾക്കും പിന്നാലെ പോകാതെ ചെലവുകൾ നിയന്ത്രിച്ച് സമ്പത്ത് കെട്ടിപ്പടുക്കുന്ന അദ്ദേഹത്തിന്റെ രീതി ഇപ്പോൾ വലിയ ചർച്ചയാകുകയാണ്.
വാഷിങ്ടൺ ഡിസിയിലെ നാല് പേരുമായി പങ്കിടുന്ന അപ്പാർട്ട്മെന്റിലാണ് ബ്രൂംഫീൽഡ് താമസിക്കുന്നത്. ഒറ്റയ്ക്ക് ഒരു ബെഡ്റൂം അപ്പാർട്ട്മെന്റ് വാടകയ്ക്കെടുക്കുന്നതിനെക്കാൾ പ്രതിമാസം ഏകദേശം 1,000 ഡോളർ ലാഭിക്കാൻ കഴിയുന്നുണ്ട്. വാടകയും വൈദ്യുതി ഉൾപ്പെടെയുള്ള മറ്റ് യൂട്ടിലിറ്റി ചെലവുകളും ചേർത്ത് കഴിഞ്ഞ ഓഗസ്റ്റിൽ 1,098 ഡോളറായിരുന്നു ചെലവ്.
സ്വന്തമായി കാർ വാങ്ങാനും അദ്ദേഹം തയ്യാറായിട്ടില്ല. നടക്കുക, സൈക്കിൾ ഉപയോഗിക്കുക, പൊതുഗതാഗതത്തെ ആശ്രയിക്കുക എന്നിവയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഗൂഗിൾ തന്നെ ദിവസേനയുള്ള മെട്രോ യാത്രയുടെ ചെലവ് വഹിക്കുന്നതിനാൽ യാത്രയ്ക്കുള്ള വ്യക്തിഗത ചെലവും കുറയുന്നു. എന്നാൽ എല്ലാ ചെലവുകളും ഒഴിവാക്കുന്ന രീതിയല്ല ബ്രൂംഫീൽഡിന്റേത്. തനിക്ക് ഏറെ ഇഷ്ടമുള്ള കിക്ക്ബോക്സിങ് പരിശീലനം തുടരുന്നതിനായി പ്രതിമാസം 229 ഡോളർ ചെലവഴിക്കുന്നുണ്ട്.
ബ്രൂംഫീൽഡ് പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ ചെലവുകളുടെ കണക്ക് ഏറെ ശ്രദ്ധേയമാണ്. വാടകയും യൂട്ടിലിറ്റികളും ഉൾപ്പെടെ 1,098 ഡോളർ, ഊബർ യാത്രയ്ക്ക് 48 ഡോളർ, ഭക്ഷണത്തിന് 28 ഡോളർ, ഇൻഷുറൻസിന് 15 ഡോളർ, മറ്റ് വ്യക്തിഗത ചെലവുകൾക്കായി 59 ഡോളർ എന്നിങ്ങനെയായിരുന്നു ചെലവുകൾ. ആകെ അടിസ്ഥാന ജീവിതച്ചെലവ് 1,477 ഡോളറായിരുന്നു.
ഇതിന് പുറമെ മുൻകാല ബിരുദാനന്തര പഠനത്തിനുള്ള ട്യൂഷൻ തിരിച്ചടവായി 700 ഡോളറും നൽകി. എന്നിട്ടും വിരമിക്കൽ നിക്ഷേപ അക്കൗണ്ടുകളിലേക്കും ബ്രോക്കറേജ് അക്കൗണ്ടിലേക്കുമായി 17,931 ഡോളർ നിക്ഷേപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്സിൽ വളർന്ന ബ്രൂംഫീൽഡിന്റെ സമ്പാദ്യശീലം പുതിയതല്ല. വരുമാനത്തിന്റെ പകുതി മാറ്റിവയ്ക്കാൻ മാതാപിതാക്കൾ ചെറുപ്പം മുതൽ പ്രോത്സാഹിപ്പിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
17-ാം വയസ്സിൽ FIRE അഥവാ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി എന്ന ആശയത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് സമ്പാദ്യത്തോടുള്ള താൽപര്യം കൂടുതൽ ശക്തമായത്. സ്ഥിരമായ ശമ്പളത്തെ ആശ്രയിക്കാതെ നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് ജീവിതച്ചെലവുകൾ കണ്ടെത്താൻ കഴിയുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനം.
2022ൽ നോക്സ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഒരു ലക്ഷം ഡോളറിലധികം വാർഷിക ശമ്പളമുള്ള ജോലിയിലാണ് അദ്ദേഹം പ്രവേശിച്ചത്. പിന്നീട് ആമസോൺ വെബ് സർവീസസിലും ക്യാപിറ്റൽ വണ്ണിലും ജോലി ചെയ്തു.
2025ൽ AWSൽ ചേർന്നപ്പോൾ വാർഷിക വരുമാനം ഏകദേശം രണ്ട് ലക്ഷം ഡോളറിലെത്തി. തുടർന്ന് 2026ൽ ഗൂഗിളിലേക്ക് മാറി. ആദ്യ ജോലിയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വരുമാനം മൂന്നിരട്ടിയിലധികമായി. കോളേജ് പഠനം പൂർത്തിയാക്കിയ 2022 മുതൽ നിക്ഷേപം ആരംഭിച്ച ബ്രൂംഫീൽഡ് ഇതിനകം ഏകദേശം 6 കോടി രൂപയുടെ നിക്ഷേപ സമ്പാദ്യം നേടിയിട്ടുണ്ട്. 30 വയസ്സിന് മുമ്പ് 7 കോടി രൂപയോളം വരുന്ന നിക്ഷേപ പോർട്ട്ഫോളിയോ സ്വന്തമാക്കുകയാണ് ലക്ഷ്യം.
നിലവിലെ സമ്പാദ്യത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ.
ഗൂഗിളിലെ ജോലിക്ക് പുറമെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും കരിയർ കോച്ചിങ് ബിസിനസിലൂടെയും വരുമാനം നേടുന്നുണ്ട്. ഈ രണ്ട് സംരംഭങ്ങളിൽനിന്ന് മാത്രം 2026ൽ ഏകദേശം 48,000 ഡോളർ വരുമാനം പ്രതീക്ഷിക്കുന്നു. അതായത് അദ്ദേഹത്തിന്റെ 3 കോടി രൂപയുടെ മൊത്തം വാർഷിക വരുമാനം ഗൂഗിളിലെ ജോലിയിൽ നിന്ന് മാത്രമുള്ളതല്ല.
സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലുടൻ ജോലി ഉപേക്ഷിക്കണമെന്നില്ലെന്നും സ്വന്തമായി AI സുരക്ഷാ ബിസിനസ് ആരംഭിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പണം ചെലവഴിക്കുന്നതിലല്ല സന്തോഷമെന്നും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിലാണ് യഥാർഥ സംതൃപ്തിയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
26-ാം വയസ്സിൽ 3 കോടി രൂപയുടെ വാർഷിക വരുമാനം പ്രതീക്ഷിക്കുന്ന ഒരാൾ പോലും ജീവിതച്ചെലവുകൾ നിയന്ത്രിച്ച് വരുമാനത്തിന്റെ വലിയൊരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റുന്നു. ഉയർന്ന വരുമാനം മാത്രമല്ല, പണം കൈകാര്യം ചെയ്യുന്ന രീതിയും സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിർണായകമാണെന്ന സന്ദേശമാണ് ചാൾസ് ബ്രൂംഫീൽഡ് നൽകുന്നത്.
Content Highlights: 26-Year-Old Google Employee Earns Nearly ₹3 Crore Annually, Spends Just ₹2,600 a Month on Food and Invests 90% of His Income to Build a ₹7 Crore Fortune Before Turning 30