ഡാറ്റാ സെന്ററുകള്‍ക്കെതിരെ പ്രതിഷേധം കടുത്തു; വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

ജൂലൈ 15ന് ലഭിച്ച 130 മില്യന്‍ ഡോളറാണ് അവസാനം റിപ്പോര്‍ട്ട് ചെയ്ത വിദേശ നിക്ഷേപം

ഡാറ്റാ സെന്ററുകള്‍ക്കെതിരെ പ്രതിഷേധം കടുത്തു; വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
dot image

ന്യൂഡല്‍ഹി: ഡാറ്റ സെന്ററുകള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിച്ചിരുന്ന വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മാസം രണ്ടോ മൂന്നോ ഡീലുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അത് ഒന്നായി ചുരുങ്ങി എന്നാണ് 'ദി ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ നിക്ഷേപം 2026ന്റെ ആദ്യ മാസങ്ങളില്‍ 600 മുതല്‍ 900 മില്യന്‍ ഡോളര്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഏകദേശം 100 മില്യന്‍ ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൂലൈ 15ന് ലഭിച്ച 130 മില്യന്‍ ഡോളറാണ് അവസാനം റിപ്പോര്‍ട്ട് ചെയ്ത വിദേശ നിക്ഷേപം. ആഗസ്റ്റ് മാസത്തില്‍ ഇതുവരെ വിദേശ ഫണ്ട് വന്നിട്ടില്ല.

ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് നിക്ഷേപങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി 'ദി ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ബാല്‍കം നിവാസികള്‍ വെള്ളം, വൈദ്യുതി എന്നിവയുടെ ക്ഷാമം, ശബ്ദമലിനീകരണം എന്നിവയെക്കുറിച്ച് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭൂമി അനുവദിക്കുന്നതിന് മുമ്പ് പ്രാദേശിക അധികൃതര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് വിശാഖപട്ടണം നിവാസികളും സമാനമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

'നിക്ഷേപകര്‍ക്കിടയില്‍ ഡാറ്റാ സെന്ററുകളെക്കുറിച്ച് വലിയ ആവേശവും ശുഭാപ്തിവിശ്വാസവും നിലനില്‍ക്കുന്നുണ്ടെങ്കിലും, ആവശ്യമായ പാരിസ്ഥിതിക അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസം പദ്ധതി നടത്തിപ്പിന് ഒരു തടസ്സമായി തുടരുന്നു. പ്രാദേശിക തലത്തിലുള്ള പ്രതിഷേധങ്ങള്‍ പദ്ധതി നടത്തിപ്പ് കൂടുതല്‍ വൈകിപ്പിക്കുകയും ഹ്രസ്വകാല വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു,' എന്നാണ് വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടറായ ക്രാന്തി ബതിനി പറഞ്ഞത്.

എന്നാല്‍ ഡാറ്റാ സെന്ററുകള്‍ പ്രധാനമാണെങ്കിലും, ഇത്തരം പദ്ധതികളില്‍ സുതാര്യതയും കൃത്യമായ ആസൂത്രണവും ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇത്രയും വലിയൊരു പദ്ധതി മതിയായ സുതാര്യത, ഭൂവിനിയോഗ ചട്ടങ്ങളുടെ കൃത്യമായ പാലനം, അടിസ്ഥാന സൗകര്യ വികസന ആസൂത്രണം, ചുറ്റുമുള്ള പ്രദേശവാസികളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ടാണോ നടപ്പിലാക്കുന്നത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം എന്ന് 'വേക്കപ്പ് ഥാനെ' സമരസമിതി അംഗമായ ദയാനന്ദ് നേനെ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Foreign investment in India’s data centres and digital infrastructure has reportedly declined sharply in 2026. Monthly inflows that previously ranged between $600 million and $900 million have reportedly fallen to around $100 million, with no foreign funding reported so far in August. The slowdown comes amid local concerns over water and power use, noise pollution and regulatory procedures linked to data centre projects.

dot image
To advertise here,contact us
dot image