

AI ഉപയോഗം കൂടുമ്പോൾ സുരക്ഷാ ഭീഷണിയും കൂടുന്നു. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ തന്നെ കമ്പനിയുടെ കൈകളിലെത്തേണ്ടതുണ്ടോ? ഈ ചോദ്യത്തിന് പുതിയൊരു വഴിയിലൂടെ മറുപടി നൽകുകയാണ് OpenAI.
പണമടച്ച് AI സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസ് ഉപഭോക്താക്കൾക്കായി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി OpenAI. ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ സ്ഥിരമായി ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാതെ തന്നെ AI സേവനങ്ങളുടെ ദുരുപയോഗവും സുരക്ഷാ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്.
‘Private Safety Processing’ എന്ന പേരിലുള്ള സംവിധാനത്തിലൂടെയാണ് പുതിയ സുരക്ഷാ സമീപനം പരീക്ഷിക്കുന്നത്. ഉപഭോക്താക്കൾ AI മോഡലുകളുമായി നടത്തുന്ന ഇടപെടലുകളിൽ നിന്ന് സുരക്ഷാ പരിശോധനയ്ക്ക് ആവശ്യമായ വിവരങ്ങൾ തിരിച്ചറിയുകയും, അതിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യത വിലയിരുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
പ്രധാനമായും സൈബർ ആക്രമണങ്ങൾ, AI സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ അപകടസാധ്യതകൾ നേരത്തെ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയുമെന്നാണ് OpenAIയുടെ പ്രതീക്ഷ. ഇതിലെ ശ്രദ്ധേയമായ കാര്യം, ഉപഭോക്താക്കളുടെ യഥാർത്ഥ പ്രോംപ്റ്റുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും OpenAI നേരിട്ട് സൂക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം എന്നതാണ്.
സുരക്ഷാ പരിശോധനയ്ക്കായി മുഴുവൻ ഉപഭോക്തൃ ഡാറ്റയും OpenAIയിലേക്ക് കൈമാറുന്നതിന് പകരം, അപകടസാധ്യതയെക്കുറിച്ചുള്ള ഉയർന്നതലത്തിലുള്ള സിഗ്നലുകൾ മാത്രമാണ് കമ്പനിക്ക് ലഭിക്കുക.
അതായത്, ഒരു ഇടപെടലിൽ സുരക്ഷാ ഭീഷണിയുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ സ്വഭാവവും തീവ്രതയും എന്താണ് തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ ആവശ്യമായ വിവരങ്ങൾ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ ഡാറ്റ അവരുടെ സ്വന്തം ഇൻഫ്രാസ്ട്രക്ചറിൽ തന്നെ നിലനിർത്താനും സംവിധാനം സഹായിക്കും. ഉപഭോക്താവിന്റെ നിയന്ത്രണത്തിലുള്ള എൻക്രിപ്ഷൻ കീ ഉപയോഗിച്ച് ഡാറ്റ സംരക്ഷിക്കാനുള്ള സാധ്യതയും ഇതിലുണ്ട്.
പുതിയ സംവിധാനം നിലവിൽ തിരഞ്ഞെടുത്ത എന്റർപ്രൈസ്, API ഉപഭോക്താക്കൾക്കിടയിലാണ് പരീക്ഷിക്കുന്നത്. സാധാരണ വ്യക്തിഗത ChatGPT പെയ്ഡ് സബ്സ്ക്രൈബർമാർക്കായി ഇത് ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല. AI കമ്പനികൾക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നാണ് സുരക്ഷയും സ്വകാര്യതയും ഒരേസമയം ഉറപ്പാക്കുക എന്നത്. സുരക്ഷാ നിരീക്ഷണം ശക്തമാക്കുമ്പോൾ കൂടുതൽ ഉപഭോക്തൃ ഡാറ്റ ശേഖരിക്കേണ്ടി വരുന്നത് സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് ഇടയാക്കും.
AI രംഗത്തെ മത്സരത്തിൽ OpenAIയുടെ പ്രധാന എതിരാളികളിലൊന്നായ Anthropic ചില ബിസിനസ് ഉപഭോക്താക്കളുടെ ഡാറ്റ പരിമിത കാലത്തേക്ക് സൂക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നതിനിടെയാണ് OpenAI ഡാറ്റാ നിലനിർത്തൽ പരമാവധി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനത്തിന് പ്രാധാന്യം നൽകുന്നത്.
Content Highlights: OpenAI’s Latest Bid to Fight Anthropic: A Promise Not to Keep Customer Data