

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. ഫിലാഡെൽഫിയയോട് 2 -2 ന്റെ സമനിലയാണ് മയാമി വഴങ്ങിയത്. അർജന്റീന സൂപ്പർ താരം ലയണൽ മെസി ഗോൾ കണ്ടെത്തി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടി. രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഫിലാഡെൽഫിയയാണ്. 11-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവാണ് ഫിൽഡെൽഫിയയെ മുന്നിലെത്തിച്ചത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം മയാമി സമനില ഗോൾ കണ്ടെത്തി.
21-ാം മിനിറ്റിൽ ഡാനിയേൽ പിന്റർ വലകുലുക്കി. 26-ാം മിനിറ്റിൽ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലെ 58-ാം മിനിറ്റിൽ ഫിൽഡെൽഫിയ സമനിലഗോളും നേടി. നീൽ പിയേറയാണ് ഗോൾ നേടിയത്.
മത്സരം അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിൽ ഇരുടീമിലെയും കളിക്കാർ ഏറ്റുമുട്ടി. ഫിലാഡെൽഫിയ നടത്തിയ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.
ഫിലാഡെൽഫിയയുടെ കവാൻ സുള്ളിവാനും മയാമിയുടെ യാനിക് ബ്രൈറ്റും തമ്മിൽ കയ്യാങ്കളി നടന്നു. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ റഫറി ഇരുതാരങ്ങൾക്കും ചുവപ്പ് കാർഡ് നൽകി. പിന്നാലെ മത്സരം സമനിലയിൽ അവസാനിച്ചു.
content highlights: inter miami vs philadelphia union 2 2 draw messi goal red cards