

ആഗോള വിപണികളിലെ പ്രതികൂല സൂചനകളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷവും മൂലം കനത്ത സമ്മർദ്ദത്തിലായ ഇന്ത്യൻ ഓഹരി വിപണി പതിയെ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമാക്കുകയാണ്. വ്യാപാരത്തിന്റെ ആദ്യഘട്ടത്തിൽ നൂറു പോയിന്റിൽ കൂടുതൽ ഇടിഞ്ഞ സെൻസെക്സ്, ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് ഏകദേശം 350 പോയിന്റ് വീണ്ടെടുത്തപ്പോൾ, നിഫ്റ്റി 24,100 നിലവാരത്തിനടുത്തെത്തി.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ബ്രെന്റ് ക്രൂഡ് വില ഉയർന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. എണ്ണവിലയിലെ വർധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പവും ഉയർത്തുമെന്ന വിലയിരുത്തലും വിപണിയിൽ തുടക്കത്തിലെ വിൽപ്പനയ്ക്ക് കാരണമായി.
ഏഷ്യൻ വിപണികളിലെ ദുർബല പ്രകടനവും ഡോളറിന്റെ കരുത്തും ആഭ്യന്തര വിപണിയെ സമ്മർദത്തിലാക്കി.
എന്നാൽ, തുടക്കത്തിലെ ഇടിവിനെ അവസരമാക്കി ദീർഘകാല നിക്ഷേപകർ മികച്ച അടിസ്ഥാനമുള്ള ഓഹരികളിൽ വാങ്ങൽ ശക്തമാക്കി. ബാങ്കിങ് , ധനകാര്യ, ഐടി മേഖലകളിലെ ഹെവിവെയ്റ്റ് ഓഹരികളിലും വാങ്ങൽ ഉണ്ടായതും സൂചികകളുടെ മുന്നേറ്റത്തിന് കാരണമായി.
ഇതോടെ സെൻസെക്സും നിഫ്റ്റിയും ദിവസത്തെ താഴ്ന്ന നിലവാരത്തിൽ നിന്ന് വേഗത്തിൽ കരകയറി.
വിപണിയുടെ തിരിച്ചുവരവിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സഹായിച്ചതെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നാമതായി, കനത്ത ഇടിവിനെ തുടർന്നുണ്ടായ വാല്യു ബയിങ്, പ്രധാന ബ്ലൂചിപ്പ് ഓഹരികളിൽ ഉണ്ടായ ശക്തമായ വാങ്ങൽ, തുടക്കത്തിലെ പരിഭ്രാന്തിക്ക് ശേഷം വില്പനാ സമ്മർദ്ദം കുറഞ്ഞതും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പിന്തുണ ലഭിച്ചതുമാണ്. ഇതോടെ രാവിലെ ഉണ്ടായ വലിയ നഷ്ടത്തിന്റെ ഭൂരിഭാഗവും വിപണിക്ക് നികത്താനായി.
ഡിമാർട്ട്, എച്ച്‌സിഎൽ ടെക്, ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്, എൻടിപിസി, ഇൻഡിഗോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി. കമ്പനികളുടെ പ്രഖ്യാപനങ്ങളും ഒന്നാം പാദ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ഈ ഓഹരികളിലെ ചലനത്തെ സ്വാധീനിച്ചു.
വിപണിയിലെ ചാഞ്ചാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷം, ക്രൂഡ് ഓയിൽ വിലയിലെ മാറ്റം, വിദേശ സ്ഥാപന നിക്ഷേപകരുടെ നീക്കങ്ങൾ, കമ്പനികളുടെ പാദഫലങ്ങൾ എന്നിവയാണ് വരും ദിവസങ്ങളിൽ വിപണിയുടെ ദിശ നിർണയിക്കുക. അതേസമയം, ശക്തമായ അടിസ്ഥാനമുള്ള ഓഹരികളിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ അനുയോജ്യമായ തന്ത്രമെന്നും വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlights: Sensex rises 400 pts from day's low, Nifty above 24,100: 3 key reasons behind market paring losses