

കനത്തമഴയും പ്രളയവും അടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യവുമായി യുഎഇ. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് അനുശോചനവും പ്രകടിപ്പിച്ചു. യുഎഇ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബംഗ്ലാദേശ് സര്‍ക്കാരിനും ജനതയ്ക്കും അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ നാല്‍പ്പത്തില്‍ അധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ചിറ്റഗോങ്, കോക്‌സ് ബസാര്‍, ബന്ദര്‍ബാന്‍, രംഗമതി, ഖഗ്രാഛരി, മൗല്‍വിബസാര്‍, ഹബിഗഞ്ച് എന്നീ ഏഴ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. വൈദ്യുതി ബന്ധം താറുമാറായതും, റോഡുകള്‍ തകർന്നതും, ആശയവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: The UAE has expressed solidarity with Bangladesh and extended condolences to the victims affected by the devastating floods