

തിരുവനന്തപുരം: ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ചെലവുകളുടെ പൂര്‍ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവില്‍ ഇല്ലെന്നും ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്ലുകളിലും അവ്യക്തതയുണ്ട്. സ്‌പോൺസര്‍ഷിപ്പ് ആയി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തി. സാമൂഹ്യസുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ അഷീലിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ല. അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.
കൊവിഡ് മഹാമാരി കാലത്ത് രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമായ പങ്കാണ് ബ്രേക്ക് ദി ചെയിന്‍ പദ്ധതി വഹിച്ചത്. അന്ന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. ഡോ. മുഹമ്മദ് അഷീല്‍ ആയിരുന്നു എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുണ്ടായിട്ടില്ല എന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് ജനറലിന്റെ പരിശോധന നടന്നിരുന്നു. അതില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്താന്‍ ധനകാര്യ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.
Content Highlights: The Finance Inspection Wing has submitted a damning report against former Social Security Mission Director Dr. Mohammed Asheel over financial irregularities in the 'Break the Chain' campaign.