ബാങ്ക് വായ്പാ വളര്‍ച്ച രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നിക്ഷേപ വളര്‍ച്ച 13.3%

വിദേശ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍, പ്രത്യേകിച്ച് FCNR(B) നിക്ഷേപങ്ങളില്‍ ഉണ്ടായ വര്‍ധനയാണ് നിക്ഷേപ വളര്‍ച്ച മെച്ചപ്പെടാന്‍ സഹായിച്ചത്

ബാങ്ക് വായ്പാ വളര്‍ച്ച രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നിക്ഷേപ വളര്‍ച്ച 13.3%
dot image

ജൂണ്‍ മാസത്തെ അവസാന 15 ദിവസത്തില്‍ ബാങ്ക് വായ്പ വാര്‍ഷിക അടിസ്ഥാനത്തില്‍ 18.6% ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്. അതേസമയം, ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ച 13.3% ആയി രേഖപ്പെടുത്തി. ഇതിന് മുമ്പ്, 2024 ജൂണ്‍ 14ന് അവസാനിച്ച പകുതിമാസത്തിലാണ് ബാങ്ക് വായ്പാ വളര്‍ച്ച 19.1% എന്ന ഉയര്‍ന്ന നിരക്കിലെത്തിയത്.

ഉപഭോക്താക്കളുടെയും കോര്‍പ്പറേറ്റുകളുടെയും വായ്പാ ആവശ്യകത ശക്തമായി തുടരുന്നതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. മുന്‍പുള്ള 15 ദിവസം അഥവാ പകുതി മാസത്തില്‍ വായ്പാ വളര്‍ച്ച 17.7% ആയിരുന്നപ്പോള്‍, നിക്ഷേപ വളര്‍ച്ച 12% ആയിരുന്നു. ജൂണ്‍ 30നുള്ള കണക്കുകള്‍ പ്രകാരം, മൊത്തം ബാങ്ക് വായ്പ 219.3 ലക്ഷം കോടിയും മൊത്തം ബാങ്ക് നിക്ഷേപം 265.4 ലക്ഷം കോടിയുമായി രേഖപ്പെടുത്തി. ഉയര്‍ന്ന ബോണ്ട് യീല്‍ഡുകള്‍ കാരണം കടപ്പത്ര വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിനുപകരം പല കോര്‍പ്പറേറ്റുകളും ബാങ്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയതും വായ്പാ വളര്‍ച്ചയ്ക്ക് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ കാലയളവില്‍ വായ്പാ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസം 570 ബേസിസ് പോയിന്റ് ആയിരുന്നു. മുന്‍പത്തെ പകുതി മാസത്തില്‍ ഇത് 530 ബേസിസ് പോയിന്റ് ആയിരുന്നു.

വിദേശ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍, പ്രത്യേകിച്ച് FCNR(B) നിക്ഷേപങ്ങളില്‍ ഉണ്ടായ വര്‍ധനയാണ് നിക്ഷേപ വളര്‍ച്ച മെച്ചപ്പെടാന്‍ സഹായിച്ചത്. കെയര്‍ എഡ്ജ് ഈ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, മെച്ചപ്പെട്ട ലിക്വിഡിറ്റി, സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍, ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്ഥിരത എന്നിവയുടെ പിന്തുണയോടെ 2027 സാമ്പത്തിക വര്‍ഷത്തിലും ബാങ്ക് വായ്പാ വളര്‍ച്ച ശക്തമായി തുടരുമെന്ന് വിലയിരുത്തി. എന്നാല്‍, സമീപകാലത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ആര്‍ബിഐയുടെ മുന്‍ കണക്കുകള്‍ പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ അവസാനത്തെ 13.3% നിക്ഷേപ വളര്‍ച്ചയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് 21ന് അവസാനിച്ച പകുതി മാസത്തില്‍ ഇത് 13.5% ആയിരുന്നു. കൂടാതെ, FCNR(B) നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നടപടികള്‍ ബാങ്കുകളുടെ നിക്ഷേപ സമാഹരണവും ധനസമാഹരണ ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നുമാണ് CareEdge റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ബാങ്ക് വായ്പാ വളര്‍ച്ച 2.7% ആയി രേഖപ്പെടുത്തി. ബാങ്ക് നിക്ഷേപ വളര്‍ച്ച 1.2% ആയി വര്‍ധിച്ചു.

Content Highlights: Bank credit in India grew 18.6% year-on-year in the fortnight ended June 30, marking the fastest pace in two years, while deposit growth improved to 13.3%, according to RBI data

dot image
To advertise here,contact us
dot image