വാംഖഡെയില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈ; മുംബൈ തോറ്റത് 103 റണ്‍സിന്

സഞ്ജു സാംസണിന് സെഞ്ചുറി, നാലുവിക്കറ്റ് വീഴ്ത്തി അകില്‍ ഹുസൈന്

വാംഖഡെയില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈ; മുംബൈ തോറ്റത് 103 റണ്‍സിന്
dot image

വാംഖഡെയിലെത്തിയ മുംബൈ ആരാധകര്‍ത്ത് കടുത്ത നിരാശ, ചെന്നൈ ആരാധകര്‍ക്ക് ആവേശ രാത്രിയും. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈയ്ക്ക് 103 റണ്‍സിന്റെ ജയം. ബാറ്റുകൊണ്ട് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചപ്പോള്‍ ബൗളിങ്ങില്‍ അകില്‍ ഹുസൈന്റെ ഉജ്വല പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം എളുപ്പമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ചെന്നൈ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ 104 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യകുമാര്‍ യാദവും (35), തിലക് വര്‍മയും (37) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി.

54 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 101 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്‌സിനെ മനോഹരമാക്കി ആറു സിക്‌സറുകളും പത്തുഫോറുകളും അകമ്പടിയായി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 22 റണ്‍സെടുത്തു. ഡെവാള്‍ഡ് ബ്രെവിസ് 21 റണ്‍സെടുത്ത് മടങ്ങി. ശിവം ദുബെയ്ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. മുംബൈക്കുവേണ്ടി ഗസാനിഫറും അശ്വനി കുമാറും രണ്ടുവിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റ് വീഴ്ത്തി. ക്രിഷ് ഭഗത് മാത്രമാണ് ബൗളിങ്ങില്‍ മുംബൈയെ നിരാശപ്പെടുത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ചെന്നൈ ബൗളര്‍മാര്‍ കടുത്ത തലവേദനയായി. ആദ്യ മൂന്നോവര്‍ പിന്നിടുമ്പോഴേക്ക് മൂന്നുവിക്കറ്റ് വീണത് നിര്‍ണായകമായി. ക്വിന്റണ്‍ ഡികോക്കും ഡാനിഷ് മലെവറും നമന്‍ ധിറുമാണ്അതിവേഗം മടങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തി. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് അകില്‍ ഹുസൈന്‍ നാലുവിക്കറ്റ് വീഴ്ത്തിയത്. നൂര്‍ അഹമ്മദ് രണ്ടുവിക്കറ്റെടുത്തു. മുകേഷ് ചൗധരി, അന്‍ഷുല്‍ കംബോജ്, ജാമി ഓവര്‍ട്ടണ്‍, ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ചെന്നൈ നിരയില്‍ പന്തെടുത്ത എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു.

content highlights: Chennai clinches a crushing victory at Wankhede; Mumbai defeated by 103 runs

dot image
To advertise here,contact us
dot image