ഒരു ക്ലിക്ക് അകലത്തിൽ വായ്പകൾ, എടുക്കണോ? തീരുമാനിക്കും മുമ്പ് ഇക്കാര്യങ്ങളറിയുക

ഫോൺ തുറന്നാൽ കാണുന്നതെല്ലാം വാങ്ങാനായിട്ടുള്ള പ്രലോഭനങ്ങളെ ചെറുക്കുക അത്ര എളുപ്പമല്ല

ഒരു ക്ലിക്ക് അകലത്തിൽ വായ്പകൾ, എടുക്കണോ? തീരുമാനിക്കും മുമ്പ് ഇക്കാര്യങ്ങളറിയുക
പി ജി സുജ
1 min read|10 Apr 2026, 03:16 pm
dot image


ക്രെഡിറ്റ് സ്കോർ കാലത്തിനും മുമ്പ് ഒരു വായ്പ എടുക്കണമെങ്കിൽ ബാങ്കുകളിൽ കയറി ഇറങ്ങണം , ബാങ്കിനു സമ്മതരായ ആരെങ്കിലും വായ്പ എടുക്കുന്ന ആളെക്കുറിച്ച് സാക്ഷ്യപ്പെടുത്തണം, തീർന്നില്ല എന്നിട്ടും ബാങ്ക് മാനേജർക്ക് മനസ് തോന്നിയാലേ ഒടുക്കം വായ്പ ലഭിക്കൂ എന്നതായിരുന്നു സ്ഥിതി.

Loan

എന്നാലിപ്പോഴോ?
വായ്പ വേണോ എന്ന് ചോദിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമൊക്കെ പുറകെ നടക്കും. ഓൺലൈനായും ഇൻസ്റ്റന്റായുമൊക്കെ എപ്പോൾ വേണമെങ്കിലും വായ്പ കിട്ടും, ഒന്നു ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. വായ്പകൾ ഇത്ര അനായാസമായതോടെ വായ്പ എടുക്കുന്ന ശീലവും ഏറുകയാണ്. പണ്ടൊക്കെ ​ഗതികേടിന്റെ അവസ്ഥയിലാണ് വായ്പ എടുത്തിരുന്നതെങ്കിൽ ഇപ്പോൾ അതൊരു സ്റ്റാറ്റസ് സിമ്പലായിപോലും കരുതാം എന്നതാണ് അവസ്ഥ.


ഒരു ക്ലിക്ക് അകലത്തിൽ വായ്പകൾ
കണക്കുകൾ പ്രകാരം, രാജ്യത്തെ പുതിയ വായ്പക്കാരിൽ ഏകദേശം 40 ശതമാനത്തിലധികവും 18 മുതൽ 30 വയസ് വരെയുള്ള ജെൻ സി കളാണ്. രാജ്യത്തെ വായ്പാ ശീലത്തിൽ ശ്രദ്ധേയമായ മാറ്റമാണിത് സൂചിപ്പിക്കുന്നത്. അതായത് വായ്പ ധനസമ്പാദനത്തിനുള്ള ഒരു സാധാരണ രീതിയായി മാറിയിരിക്കുന്നു. പേഴ്സണൽ ലോണുകൾ, ബൈ നൗ പേ ലേറ്റർ, ക്രെഡിറ്റ് കാർഡുകൾ, ഫിൻടെക് ആപ്പുകളിലൂടെ ലഭ്യമായ ഇന്സറ്റന്റ് ലോണുകൾ ഇവയെല്ലാം ഏതാവശ്യവും സാധിച്ചു തരുമെന്ന വാ​ഗ്ദാനവുമായി ഒരു ക്ലിക്ക് അകലത്തിൽ നമ്മോടൊപ്പമുണ്ട്.
കാണുന്നതെല്ലാം വാങ്ങണോ


ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും സോഷ്യൽ മീഡിയയുടെ സ്വാധീനവും കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ട മട്ടാണ്. ഫോൺ തുറന്നാൽ കാണുന്നതെല്ലാം വാങ്ങാനായിട്ടുള്ള പ്രലോഭനങ്ങളെ ചെറുക്കുക അത്ര എളുപ്പമല്ല. ഏറ്റവും പുതിയ ഫീച്ചറുകളുള്ള ഫോൺ വാങ്ങുന്നതിന് ഏറ്റവും കുറവ് ഇഎംഐ ഒരുക്കിയാണ് കമ്പനികൾ പ്രലോഭിപ്പിക്കുന്നത്. പുതിയ ഗാഡ്ജറ്റുകൾ, യാത്രകൾ, ഷോപ്പിങ്, ഭക്ഷണം അങ്ങനെ എല്ലാം കൈയിൽ കാശില്ലെങ്കിലും ആരോടും ചോദിക്കാതെ ആസ്വദിക്കാനാകുമെങ്കിലും ഒരു ദിനം അത് തിരിച്ചടയ്ക്കണമെന്ന ധാരണ എപ്പോഴും ഉണ്ടാകണം.

ഇത്തരം വായ്പകൾ സാധാരണ വായ്പകളെപ്പോലെ വലിയ തുകയായിരിക്കണമെന്നില്ല. ചെറിയ തുകകളായി വിഭജിച്ചിരിക്കുന്നതിനാൽ അത് വലിയ ബാധ്യതയെന്നു തോന്നാതിരിക്കും. എന്നാൽ പലതരത്തിലുള്ള വായ്പകൾ, ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ്, ഇൻസ്റ്റൻ്റ് വായ്പ, ബൈനൗ പേലേറ്റർ വായ്പ ഇവയെല്ലാം എത്ര ചെറുതായാലും തിരിച്ചടയ്ക്കാൻ നേരം വട്ടം കറങ്ങേണ്ടി വരും.

ഇത്തരം വായ്പകൾക്കും ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നുണ്ട് എന്ന കാര്യം പലരും ആലോചിക്കുന്നില്ല. അതായത്, പിന്നീടെന്നെങ്കിലും ഭവനവായ്പയോ വാഹനവായ്പയൊ ഒക്കെ എടുക്കേണ്ടി വരുമ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോകുക. ക്രെഡിറ്റ് സ്കോർ താഴെയാണെന്ന കാര്യം അപ്പോഴായിരിക്കും പലരും അറിയുന്നത്. ഇനി ബാങ്കുകൾ വായ്പ തന്നാലും ഉയർന്ന പലിശ ഈടാക്കും

ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ക്രെഡിറ്റ് കാർഡിന്റെ മിനിമം തുക മാത്രം അടയ്ക്കുന്നത് കടം നീണ്ടുനിൽക്കാൻ ഇടയാക്കും. അതിലും അപകടകരമായ മറ്റൊന്ന് ഒരു തവണ എങ്കിലും അടവ് പെൻഡിങ് ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനി പലിശ ഈടാക്കുന്ന രീതിതന്നെ മാറ്റും. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓരോരോ പേരും പറഞ്ഞ് പലിശ ഈടാക്കികൊണ്ടിരിക്കും. പലതും എന്തിനെന്ന് പോലും മനസിലാക്കാതെയായിരിക്കും നമ്മൾ പലിശ അടയ്ക്കേണ്ടി വരിക.
പഴയ കടം തീർക്കാൻ പുതിയ വായ്പ എടുക്കുന്നതും മറ്റൊരു കെണിയായിരിക്കും. കടം വരുത്തി വെക്കുന്ന മാനസിക പ്രശ്നങ്ങൾ ചില്ലറയായിരിക്കില്ല.

ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാം?

വായ്പയുടെ ഉപയോ​ഗം മാസവരുമാനത്തിന്റെ 25-30 ശതമാനം വരെ മാത്രമായി ഒതുക്കി നിർത്തുമെന്ന് ഉറച്ച തീരുമാനമെടുക്കാം
വരുമാനവും ചെലവുമെല്ലാം കണക്കാൻ കൃത്യമായ ബജറ്റ് തയ്യാറാക്കാം.
മിനിമം പേയ്മെന്റ് മാത്രം അടയ്ക്കുന്ന രീതിയോട് ബൈ പറഞ്ഞോളു, മുഴുവൻ കുടിശിക അടയ്ക്കുന്ന രീതി സ്വീകരിച്ചില്ലെങ്കിൽ പലിശകൊടുത്ത് പോക്കറ്റ് കീറും.

  • എന്തുകണ്ടാലും വാങ്ങാനുള്ള ത്വര വേണ്ടെന്നു വെക്കുക. BNPL സൗജന്യ വായ്പ അല്ല. അതിന്റെ ഉപയോഗം കുറയ്ക്കുക.
  • അപ്രതീക്ഷിത ചെലവുകൾക്ക് ആരോടും കൈവായ്പ വാങ്ങേണ്ട. എമർജൻസി ഫണ്ട് സൂക്ഷിക്കുക
  • ക്രെഡിറ്റ് റിപ്പോർട്ട് ഇടയ്ക്ക് നോക്കണം, പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനുമാത്രമല്ല എന്തെങ്കിലും തട്ടിപ്പിനുള്ള സാധ്യത ഉണ്ടെങ്കിൽ അത് കണ്ടെത്താനും സഹായിക്കും.

content Highlight : Instant loans and fintech apps have transformed borrowing in India. Discover how young adults are embracing credit and reshaping financial habits in the digital era

dot image
To advertise here,contact us
dot image