

ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ ആരാധകർക്ക് ആവേശം പകരുന്ന വാക്കുകളുമായി ഇന്ത്യൻ മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ് രംഗത്ത്. 'രാജസ്ഥാൻ റോയൽസിൽ നിന്ന് വമ്പൻ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറും. അത്, സിഎസ്കെയിൽ ഒരു 'സഞ്ജു യുഗത്തിന്' തുടക്കവുമാകും' ബദ്രീനാഥ് അഭിപ്രായപ്പെട്ടു. എം.എസ്. ധോണി തന്റെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഞ്ജുവിനെ ടീമിലെത്തിച്ചത് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിന്റെ വെടിക്കെട്ട് ഫോമിനെ ബദ്രീനാഥ് പ്രശംസിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസായിരുന്നു അന്ന് സഞ്ജു ഇന്ത്യയ്ക്കായി അടിച്ചുകൂട്ടിയത്. 'വളരെ വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു സിഎസ്കെയിലേക്ക് വരുന്നത്. അദ്ദേഹം മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ഭാവി നായകനെയും ഇതിലൂടെ ചെന്നൈ കണ്ടെത്തിക്കഴിഞ്ഞു,' ബദ്രീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഏപ്രിൽ 3-ന് ചേപ്പോക്കിൽ സിഎസ്കെ തങ്ങളുടെ ആദ്യ ഹോം മാച്ചിന് ഇറങ്ങാനിരിക്കെ, സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വീണ്ടും ഗുണമാകുമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് കരുത്തോടെ തന്നെ ടൂർണമെന്റിലേക്ക് തിരിച്ചു വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും താനുമായിരിക്കും ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികളെന്നു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ മത്സരത്തിൽ തന്നെ ഈ കോമ്പിനേഷൻ പരീക്ഷിച്ചെങ്കിലും ഇരുവർക്കും രണ്ടക്കം കടക്കാനായിരുന്നില്ല.
ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായാല്‍ ആങ്കര്‍ റോള്‍ ഏറ്റെടുത്ത് അവസാനം വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാള്‍ ടീമിൽ ഉണ്ടാകണം. എന്നാൽ, ഈ റോള്‍ റുതുവില്‍ ഭദ്രവുമാണ്. പക്ഷെ, അദ്ദേഹം ഓപ്പണറായി കളിച്ച് പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച് പുറത്തായാല്‍ അത് ബാറ്റിങ് നിരയുടെ താളം തന്നെ തെറ്റും. പകരം ഓപ്പണിങ് ജോടിക്ക് നല്ലൊരു അടിത്തറ നൽകാൻ കഴിഞ്ഞാൽ അത് മധ്യ ഓവറുകളില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കി ഒരു രുണ്മല തന്നെ പടുത്തുയര്‍ത്താന്‍ സിഎസ്‌കെയെ സഹായിക്കും. അതിനാല്‍ സഞ്ജു, മാത്രെ, റുതുരാജ് എന്നിവർ തന്നെയാണ് ഇനി മുന്നോട്ടുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു ബെസ്‌റ്റെന്നു പറയാം. പഞ്ചാബ് കിങ്സിനെതിരെ ഏപ്രിൽ 3 -നാണ് സിഎസകെയുടെ ആദ്യ ഹോം മത്സരം.
Content highlight: 'Sanju Samson is going to be the backbone of CSK in IPL 2026'; S Badrinath