

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നത് ഇന്ന് പല നിക്ഷേപകരും സ്വീകരിക്കുന്ന ഒരു രീതിയാണ്.നിക്ഷേപങ്ങൾ എപ്പോഴും ഒരു കൊട്ടയിൽ മാത്രം നിക്ഷേപിക്കരുത് എന്നതാണ് ഓഹരി വിപണിയിലെ തത്വം. എന്നാൽ ഈ തത്വം നിക്ഷേപിക്കുന്ന ഓഹരികൾക്ക് മാത്രമല്ല, അവ സൂക്ഷിക്കുന്ന ഡീമാറ്റ് അക്കൗണ്ടുകൾക്കും ബാധകമാണ്. മികച്ച ഡിജിറ്റൽ സൗകര്യങ്ങൾക്കും, സുരക്ഷിതത്വത്തിനും, നിക്ഷേപങ്ങൾ തരംതിരിക്കാനുമായി ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ കൈവശം വെക്കുന്നത് നിക്ഷേപകർക്ക് വലിയ രീതിയിൽ ഗുണകരമാകാറുണ്ട്. ഈ സാമ്പത്തിക തന്ത്രത്തിന്റെ വിവിധ വശങ്ങൾ നോക്കാം.

പോർട്ട്‌ഫോളിയോ തരംതിരിക്കാം
നിങ്ങളുടെ നിക്ഷേപങ്ങളെ കൃത്യമായി വേർതിരിക്കാൻ ഇത് സഹായിക്കും. ഉദാഹരണത്തിന്, ഒരു അക്കൗണ്ട് ദീർഘകാല നിക്ഷേപങ്ങൾക്കായി, മക്കളുടെ പഠനം, കല്യാണം, റിട്ടയർമെന്റ് തുടങ്ങിയവക്ക് മാറ്റി വെക്കാം.മറ്റൊരു അക്കൗണ്ട് ഹ്രസ്വകാല വ്യാപാരങ്ങൾക്കും ഇൻട്രാഡേയ്ക്കും വേണ്ടി ഉപയോഗിക്കാം. ഇത് വഴി നിങ്ങളുടെ സേവിംഗ്‌സും ട്രേഡിംഗും തമ്മിൽ കൂട്ടിക്കുഴയുന്നത് ഒഴിവാക്കാം.
വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലെ ഫീച്ചറുകൾ പ്രയോജനപ്പെടുത്താം
എല്ലാ ബ്രോക്കർമാരും ഒരേപോലെയല്ല.ചിലർ മികച്ച റിസർച്ച് റിപ്പോർട്ടുകൾ നൽകും.ചിലർ കുറഞ്ഞ ബ്രോക്കറേജ് ഉള്ളവരായിരിക്കും.മറ്റു ചിലർക്ക് മികച്ച മൊബൈൽ ആപ്പ് അല്ലെങ്കിൽ ചാർട്ടിംഗ് ടൂളുകൾ ഉണ്ടാകും.രണ്ട് അക്കൗണ്ട് ഉള്ളപ്പോൾ ഇവയെല്ലാം നിങ്ങൾക്ക് ഒരേസമയം ഉപയോഗിക്കാം.

ഐ പി ഒ ലഭിക്കാനുള്ള സാധ്യത കൂടും
ഐപി ഓ കളിൽ കൂടുതൽ അലോട്ട്‌മെന്റ് ലഭിക്കാൻ ഒന്നിലധികം അക്കൗണ്ടുകൾ സഹായിക്കും. നിങ്ങളുടെ തന്നെ പേരിൽ അഞ്ചു അക്കൗണ്ട് ഉണ്ടെങ്കിലും ഒരേ പാൻ കാർഡിൽ നിന്ന് ഒരു ഐപിഒയ്ക്ക് ഒന്നിലധികം അപേക്ഷ നൽകാൻ കഴിയില്ല. എന്നാൽ കുടുംബാംഗങ്ങളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഓരോരുത്തരുടെയും പേരിൽ അപേക്ഷിക്കുന്നത് വഴി ഓഹരികൾ കിട്ടാനുള്ള സാധ്യത വർധിപ്പിക്കാം.

സാങ്കേതിക തകരാറുകൾ മറികടക്കാം
വലിയ വ്യാപാരങ്ങൾ നടക്കുമ്പോൾ ചിലപ്പോൾ ഒരു ബ്രോക്കറുടെ ആപ്പ് ഹാങ്ങാവുകയോ സെർവർ പണിമുടക്കുകയോ ചെയ്തേക്കാം. ഇത്തരം ഘട്ടങ്ങളിൽ മറ്റൊരു ബാക്കപ്പ് അക്കൗണ്ട് ഉള്ളത് പെട്ടെന്ന് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സഹായിക്കും.

ബ്രോക്കറേജ് പ്ലാനുകൾ ലാഭകരമാക്കാം
ചില ബ്രോക്കർമാർ ഡെലിവറി ട്രേഡുകൾക്ക് പൈസ വാങ്ങാറില്ല, എന്നാൽ ഇൻട്രാഡേയ്ക്ക് കൂടുതൽ വാങ്ങും. രണ്ട് ടൈപ്പ് അക്കൗണ്ടുകൾ വെക്കുന്നത് വഴി ഏത് പ്ലാറ്റ്‌ഫോമിലാണോ കുറഞ്ഞ ചിലവ് അവിടെ ആ തരത്തിൽ വ്യാപാരം ചെയ്യാൻ സാധിക്കും.എന്നാൽ ഓരോ അക്കൗണ്ടിനും വർഷാവർഷം മെയിന്റനൻസ് ചാർജ് നൽകേണ്ടി വരും.ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളപ്പോൾ മൊത്തത്തിലുള്ള ലാഭനഷ്ടങ്ങൾ ട്രാക്ക് ചെയ്യാൻ അല്പം ബുദ്ധിമുട്ടായിരിക്കും.
Content Highlights : No more confusing investing and trading, multiple demat accounts have many advantages