

പലപ്പോഴും ആളുകൾ പറയാറുണ്ട്, മനുഷ്യന് ഒരൊറ്റ ജീവിതമേ ഉള്ളൂ, എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുകയോ ജീവിച്ചുതീർക്കുകയോ ചെയ്യണം എന്ന്. ആരുടേയും സഹായം ഒന്നും സ്വീകരിക്കാതെ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കണം എന്നും പറയാറുണ്ട്. പ്രായമായവരാകും പ്രത്യേകിച്ച് ഇത്തരത്തിൽ പറയുക. എന്നാൽ മുംബൈയിൽ ഇങ്ങനെയൊന്നും ചിന്തിക്കാത്ത ഒരാളുണ്ട്. തന്റെ 82-ാം വയസിലും അധ്വാനിച്ച് പണം സമ്പാദിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ വീഡിയോ ആണിപ്പോൾ ചർച്ചാവിഷയം.
മൻസുഖ് കാക്ക എന്ന 82 വയസുകാരനാണ് ഓൺലൈൻ ലോകത്തെ ഇപ്പോൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ആരാധന ചാറ്റർജി ആണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന പലഹാരങ്ങൾ വഴിയോരത്ത് വിൽക്കുകയാണ് അദ്ദേഹം.
ആരാധന ചാറ്റർജി മൻസുഖ് കാക്കയോട് വിശദമായി സംസാരിച്ചു. ഒരു വസ്ത്രാലയത്തിൽ സെയിൽസ്പേഴ്സൺ ആയിരുന്നു മൻസുഖ് കാക്ക. എന്നാൽ കൊവിഡ് കാലത്ത് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു. അദ്ദേഹത്തെ നോക്കാൻ മകന് ജോലി വിടേണ്ടതായ സാഹചര്യവും ഉണ്ടായി.
എന്നാൽ അസുഖമെല്ലാം മാറിയ അദ്ദേഹം വെറുതെ ഇരിക്കാൻ തയ്യാറായില്ല. വഴിയോരത്ത് ഒരു ചെറിയ ടേബിൾ മാത്രമായി ഒരു കടയിട്ടു. വീട്ടിൽ നിന്ന് ഉണ്ടാക്കികൊണ്ടുവന്ന പലഹാരങ്ങൾ വിറ്റു. ഒരു ദിവസം 12 മണിക്കൂറോളം അദ്ദേഹം കച്ചവടം ചെയ്യും. 300 രൂപയൊക്കെയാണ് അദ്ദേഹത്തിന് ലഭിക്കുക. അദ്ദേഹത്തിന്റെ സഹോദരിയാണ് ഈ പലഹാരങ്ങൾ എല്ലാം പാചകം ചെയ്യുക. മാത്രമല്ല, ഓരോ ദിവസവും വിറ്റുപോകുന്ന പലഹാരങ്ങൾ, ലഭിക്കുന്ന പണം അദ്ദേഹം ഒരു ചെറിയ ഡയറിയിൽ എഴുതിവെക്കും.
നിരവധി പേരാണ് ഈ വീഡിയോ കണ്ട് കമന്റുകളുമായി രംഗത്തുള്ളത്. പലരും തങ്ങൾ മൻസുഖ് കാക്കയെ നേരിട്ട് കണ്ടിട്ടുള്ളവരാണ് എന്നും അദ്ദേഹം വളരെ സ്വീറ്റ് ആണ് എന്നുമാണ് പറയുന്നത്. ചിലർ ആകട്ടെ അദ്ദേഹത്തിന് കട ഇട്ടുനൽകാം എന്നും പറയുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം, 82-ാം വയസിലും അദ്ദേഹത്തിനുള്ള ഈ നിശ്ചയദാർഢ്യത്തിന് സല്യൂട്ട് എന്നാണ്.
Content Highlights: An 82-year-old man known as Mansukh Kaka has captured the attention of social media users with his inspiring story. Introduced to the online world by content creator Aradhana Chatterjee, Mansukh Kaka sells homemade snacks on the roadside.