സ്വർണ വില കൂടി: രാജ്യത്തെ പ്ലെയിൻ സ്വർണാഭരണ കയറ്റുമതിയില്‍ വന്‍ ഇടിവ്

സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് പുറമെ, ഇറക്കുമതിയിലെ കർശന നിയന്ത്രണങ്ങളും പ്രതിസന്ധിയായി

സ്വർണ വില കൂടി: രാജ്യത്തെ പ്ലെയിൻ സ്വർണാഭരണ കയറ്റുമതിയില്‍ വന്‍ ഇടിവ്
അജ്മല്‍ എം കെ
3 min read|17 Jun 2026, 05:56 pm
dot image

രാജ്യത്തെ പ്ലെയിൻ സ്വർണാഭരണ (plain jewellery) കയറ്റുമതിയിൽ വൻ ഇടിവ്. ഉയർന്ന സ്വർണവിലയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വിലയിടിവിന് കാരണമായത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളായ ഏപ്രിൽ-മേയ് കാലയളവിൽ കയറ്റുമതിയിൽ 40.1 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.06 ബില്യൺ യുഎസ് ഡോളറായിരുന്ന കയറ്റുമതി, ഇത്തവണ 635.95 മില്യൺ യുഎസ് ഡോളറായി ചുരുങ്ങി.

സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് പുറമെ, ഇറക്കുമതിയിലെ കർശന നിയന്ത്രണങ്ങളും ബാങ്കിംഗ് ചാനലുകളിലെ തടസ്സങ്ങളും കയറ്റുമതി ഓർഡറുകൾക്ക് ആവശ്യമായ സ്വർണത്തിന്റെ ലഭ്യതയെ സാരമായി ബാധിച്ചുവെന്ന് വ്യവസായ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉത്പാദനത്തെയും ദോഷകരമായി ബാധിച്ചതോടെ, ആഭരണ നിർമ്മാണത്തിനായി ഉപയോഗിച്ച സ്വർണത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെ 14 ടണ്ണിൽ നിന്ന് 21.4 ശതമാനം ഇടിഞ്ഞ് 11 ടണ്ണായി കുറഞ്ഞു.

പ്ലെയിൻ സ്വർണാഭരണ കയറ്റുമതിയിലുണ്ടായ ഈ ഇടിവ് മേഖല നേരിടുന്ന ഏറ്റവും വലിയ ആശങ്കയാണെന്ന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) ചെയർമാൻ കിരിത് ഭൻസാലിയും വ്യക്തമാക്കി. സ്വർണ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, വിതരണം പുനഃസ്ഥാപിക്കുന്നതിനും കയറ്റുമതി വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി അനുകൂലമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലെയിൻ സ്വർണാഭരണ മേഖല പ്രതിസന്ധിയിലാണെങ്കിലും, കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളുടെ (Studded Gold Jewellery) കയറ്റുമതി 6.7 ശതമാനം വർധിച്ച് 964.02 മില്യൺ യുഎസ് ഡോളറിലെത്തിയത് മേഖലയ്ക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഇന്ത്യ ഒപ്പുവെച്ച വിവിധ സ്വതന്ത്ര വ്യാപാര കരാറുകളാണ് ആഗോള വിപണിയിൽ ഇന്ത്യൻ സ്റ്റഡ്ഡഡ് ആഭരണങ്ങള്‍ക്ക് ഗുണകരമായി മാറിയത്.

Also Read:

അതേസമയം, ഈ കാലയളവിൽ രാജ്യത്തെ മൊത്തം രത്ന-ആഭരണ കയറ്റുമതി 6 ശതമാനം കുറഞ്ഞ് 4.27 ബില്യൺ ഡോളറായി രേഖപ്പെടുത്തി. മറ്റ് പ്രധാന മേഖലകളിൽ, വജ്ര കയറ്റുമതി 9 ശതമാനം കുറഞ്ഞ് 1.87 ബില്യൺ ഡോളറായും കളർ ജെംസ്റ്റോൺ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 55.93 മില്യൺ ഡോളറായും ചുരുങ്ങി. എന്നാൽ ഇതിനെല്ലാം വിപരീതമായി വെള്ളി ആഭരണങ്ങളുടെ കയറ്റുമതിയിൽ 172.5 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഇതിലൂടെ 365.77 മില്യൺ ഡോളർ രാജ്യം നേടി.

കൂടാതെ പ്ലാറ്റിനം ആഭരണ കയറ്റുമതി 25 ശതമാനം വർധിച്ച് 41.22 മില്യൺ ഡോളറിലും, പോളിഷ് ചെയ്ത ലാബ് നിർമ്മിത വജ്രങ്ങളുടെ (LGD) കയറ്റുമതി 2 ശതമാനം വർധിച്ച് 194.78 മില്യൺ ഡോളറിലുമെത്തി. പരമ്പരാഗത സ്വർണാഭരണങ്ങൾക്ക് പുറമെയുള്ള മറ്റ് ആഭരണ വിഭാഗങ്ങൾക്ക് ആഗോള വിപണിയിൽ ഇപ്പോഴും മികച്ച ഡിമാൻഡ് ഉണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlights: India's plain gold jewellery exports have witnessed a sharp decline as higher gold prices dampened overseas demand. The increase in bullion prices has made jewellery more expensive in global markets, affecting export volumes and posing challenges for manufacturers and exporters despite continued interest in the precious metal.

dot image
To advertise here,contact us
dot image