പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കും; വരും മാസങ്ങളിലും വര്‍ധനക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഇതിനകം തന്നെ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കും; വരും മാസങ്ങളിലും വര്‍ധനക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
dot image

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില കുത്തനെ ഉയരുകയും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ ഘട്ടംഘട്ടമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദമാണ് ഇതിന് പ്രധാന കാരണം. ഇതിനകം തന്നെ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വര്‍ധന നടപ്പാക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസങ്ങളും കാരണം ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയതോടെ ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ ഇന്ധനവിലയെ നേരിട്ട് ബാധിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം സഹിച്ചാണ് ഇന്ധനം വിപണിയില്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ക്കുണ്ടാകുന്നത്. ഇന്ധനവിലയില്‍ ഒരുമിച്ച് ഉയര്‍ത്തുന്നതിനു പകരം ചെറിയ തോതില്‍ തുടര്‍ച്ചയായ വര്‍ധനയായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുക. അതുവഴി പണപ്പെരുപ്പ ആഘാതം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിറ്ററിന് 2 മുതല്‍ 4 രൂപവരെ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇന്ധനവില ഉയരുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവിനെയും ബാധിക്കും. ചരക്ക് ഗതാഗത ചെലവ് കൂടുന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍, ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍, വിമാനയാത്ര, പൊതുഗതാഗതം എന്നിവയുടെ നിരക്കുകളും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശമനമുണ്ടായാല്‍ ക്രൂഡ് വില കുറയാനിടയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അനിശ്ചിതാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്ത് ഇന്ധനവില അടുത്ത മാസങ്ങളിലും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Content Highlights: The Rs 3-per-litre increase in petrol and diesel prices announced on Friday may not be a one-time adjustment, with experts warning that fuel prices could continue rising over the next three to four months if global crude oil prices remain elevated.

dot image
To advertise here,contact us
dot image