

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഗുജറാത്തില്‍ നിന്നുള്ള ഹാജി അലി എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ തീപ്പിടിച്ച കപ്പലില്‍ നിന്നും 14 ഇന്ത്യന്‍ നാവികരെയും ഒമാന്‍ അധികൃതര്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ബുധനാഴ്ച പുലര്‍ച്ചെ 3:30 ഓടെ ഒമാന്റെ വടക്കന്‍ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയില്‍ നിന്ന് ഷാര്‍ജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന ഹാജി അലി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കുമെന്നാണ് സംശയം. ആക്രമണത്തിന് പിന്നാലെ തീപിടിച്ച കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കപ്പല്‍ കടലില്‍ മുങ്ങി.
കപ്പലിലുണ്ടായിരുന്ന 14 അംഗ സംഘം നല്‍കിയ അപായ സൂചന അനുസരിച്ച് ഒമാന്‍ കോസ്റ്റ് ഗാര്‍ഡാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇവരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. നാവികര്‍ സുരക്ഷിതരാണെന്ന് കപ്പല്‍ ഉടമ സുല്‍ത്താന്‍ അഹമ്മദ് സംഗര്‍ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യന്‍ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യം വയ്ക്കുന്നത് അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍-യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമാക്കി.
Content Highlights: A commercial vessel flying the Indian flag was reportedly attacked near the Oman coast, prompting strong protest from the Indian government and calls for investigation into the incident.