

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യക്ക് 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരവും പ്രകൃതി വാതകവും 45 ദിവസം വിതരണം ചെയ്യാനുള്ള എല്‍പിജിയും മാത്രമാണുള്ളതെന്ന് സിഐഐ വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ മന്ത്രി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ വില കൂട്ടാത്തതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും മൂന്നു മാസത്തിനിടെ ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് എല്‍പിജി ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ പ്രതിദിനം 35,000 ടണ്‍ പാചകവാതകം ഉല്‍പാദിപ്പിച്ച സ്ഥാനത്ത് ഇപ്പോഴത് 54,000 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 75 ദിവസമായി കടുത്ത വെല്ലുവിളിയാണ് നാം നേരിടുന്നത്. എന്നാല്‍ പ്രതിസന്ധിയെ നാം അവസരമായി കാണുകയാണ് ചെയ്തത്. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധ്യമാകാത്ത രീതിയിലാണ് ഊര്‍ജ പ്രതിസന്ധിയെ നാം നേരിട്ടത്. നമ്മള്‍ ഇന്ധന ഇറക്കുമതിക്കാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.
എന്നാല്‍ എണ്ണ ശുദ്ധീകരണത്തില്‍ ലോകത്ത് മൂന്നാമതാണ് നാം. മാത്രമല്ല, ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ നാലാം സ്ഥാനത്താണ്. സര്‍ക്കാര്‍ ലോക്ഡൗണിനേക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്നാല്‍ പ്രതിസന്ധിയെ നേരിടാനായി, പ്രധാനമന്ത്രി ആഹ്വാനം ചെയ്തതു പോലെ ചെലവു ചുരുക്കാന്‍ നാം തയ്യാറാകണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം നാം നേരിട്ട് അനുഭവിക്കുകയാണ്. അതിനാല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം വാങ്ങുന്നതത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഡോളര്‍ രാജ്യത്തിനു പുറത്തേക്ക് ഒഴുകുമ്പോള്‍ അത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നു. ഇത് രാജ്യത്ത് പണപ്പെരുപ്പമുയരാനും നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റം അനുഭവപ്പെടാനും കാരണമാകും.

സ്വര്‍ണത്തിനു പുറമെ, ഇന്ധന ഉപയോഗം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
Content Highlights: Amid the ongoing supply disruptions due to Middle East tensions, Petroleum Minister Hardeep Singh Puri on Tuesday said that India has 60 days of crude oil reserves, LNG supply and 45 days of LPG stock. Union Minister mentioned that oil marketing companies are losing nearly Rs 1,000 crore every day, with quarterly losses estimated at around Rs 1 lakh crore. Meanwhile, LPG production has been ramped up from 35,000-36,000 tonnes/day to 54,000 tonnes