

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദൃശ്യം 3 തിയേറ്ററുകളിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ പരിപാടികളുടെ തിരക്കുകളിലാണ് മോഹൻലാൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
താൻ അടുത്ത് വന്നാൽ പല ഇലക്‌ട്രോണിക് ഉപകരണങ്ങളും കേടായി പോകുമെന്ന് നടൻ പറയുന്ന ഭാഗമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. 'എനിക്കൊരു കുഴപ്പമുണ്ട്. ഞാൻ തൊട്ടാൽ ഇലക് ട്രോണിക് ഉപകരണങ്ങൾ ചീത്തയായി പോകും. ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ മോണിറ്ററിന് അടുത്തേക്ക് പോയാൽ, അത് നോക്കുന്ന ആൾ പറയും 'സാറേ ഒന്ന് മാറിനിൽക്കുമോ' എന്ന്. എന്തോ ഒരു സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുടെ പ്രശ്‌നമാണ്. എന്റെ ഫോണും ടെലിവിഷനുമെല്ലാം ഇങ്ങനെ വേഗം ചീത്തയാകാറുണ്ട്. ഇത് വലിയ കുഴപ്പമായി മാറുമോ എന്ന് അറിഞ്ഞുകൂടാ,' മോഹൻലാൽ പറഞ്ഞു.
റിപ്പോർട്ടർ ഫിലിംസിന്റെ അഭിമുഖത്തിന് താഴെ നിരവധി പേരാണ് മോഹൻലാൽ പറഞ്ഞതിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. നടന്റെ ഹ്യൂമർ സെൻസിന് പൊട്ടിച്ചിരി ഇമോജികൾ വരുന്നതിനൊപ്പം ചിലർ സമാനമായ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. ലാലേട്ടൻ തൊട്ടാൽ ഒന്നും കേടാകില്ല, എല്ലാം പൊന്നാവുകയേ ഉള്ളു എന്ന ആരാധകരുടെ കമന്റുകളും ഉണ്ട്.
അതേസമയം, മെയ് 21നാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Mohanlal says electronic equipments get some issues when he touches and shares experiences