ഇലക്ട്രിക് പാചകം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം; ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പിന് ജിഎസ്ടി 5 ശതമാനമാക്കാന്‍ നീക്കം

ഘടകങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്

ഇലക്ട്രിക് പാചകം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം; ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പിന് ജിഎസ്ടി 5  ശതമാനമാക്കാന്‍ നീക്കം
dot image

പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ് ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്ക് ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക നിര്‍മ്മാതാക്കളുടെ ചെലവ് കുറയ്ക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട്, ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകളില്‍ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനുപുറമെ, ഇത്തരം ഉപകരണങ്ങളുടെ ജിഎസ്ടി നിലവിലുള്ള 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിനും വിതരണ രംഗത്തെ തടസ്സങ്ങളൊഴിവാക്കുന്നതിനും ഗുണനിലവാര നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചു. ഇവയുടെ ഊര്‍ജക്ഷമതാ മാനദണ്ഡങ്ങളും ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറും നടപ്പാക്കാനുള്ള സമയപരിധി നീട്ടി. സിഎന്‍ജി., കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) എന്നിവയുടെ വിതരണ സ്റ്റേഷനുകള്‍ക്കുള്ള ലൈസന്‍സ് നടപടികളും വേഗത്തിലാക്കി. അപേക്ഷകള്‍ വേഗം തീര്‍പ്പാക്കി നല്‍കുകയാണ് ലക്ഷ്യം.

ചെരിപ്പുനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കുറവ് പരിഹരിക്കുന്നതിനും ഉത്പാദനച്ചെലവു കുറയ്ക്കുന്നതിനും തീരുവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പിവിസി, പോളി യൂറത്തീന്‍, എസ്ബിഎസ്, ഇവിഎ തുടങ്ങിയ അസംസ്‌കൃതവസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പിന്‍വലിച്ചു. പിവിസി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും പരിഹരിക്കുന്നതിന് ആന്റി ഡംബിങ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കുന്നത് പരിഗണനയിലാണെന്നും വകുപ്പ് വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയില്‍ അസംസ്‌കൃത വസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനായി ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറുകളില്‍ ഇളവ് നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കുകയാണ്. ഓരോ സാഹചര്യവും പ്രത്യേകം പരിശോധിച്ചാകും ഇളവുകള്‍ നല്‍കുക. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറുകള്‍ പുനപരിശോധിച്ചു വരികയാണ്. വീട്ടുപകരണങ്ങള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട അഞ്ച് മാനദണ്ഡങ്ങളില്‍ ഇതിനകം തന്നെ ഇളവ് നല്‍കിയിട്ടുണ്ട്.

Content Highlights: India is weighing tax cuts on induction cooktops. This aims to boost local manufacturing and make electric cooking more affordable. The government is considering lowering customs duties on components. It also proposes reducing the GST on appliances. These measures address demand-supply challenges and stabilize prices. Quality control orders are being relaxed on a case-to-case basis to ensure raw material supplies.

dot image
To advertise here,contact us
dot image