

ജനീവ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2026ൽ 6.4 ശതമാനവും 2027ൽ 6.6 ശതമാനവും വളർച്ച കൈവരിക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ എക്കണോമിക്ക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസിഫിക് റിപ്പോർട്ട് 2026 ആണ് ഇന്ത്യയുടെ വളർച്ച പ്രവചിച്ചത്. ഏഷ്യ-പസിഫിക് മേഖലയിലെ നിർണായക സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
മേഖലയിലെ സമ്പദ്‌വ്യവസ്ഥകൾ ശക്തിപ്രാപിച്ചുവരികയാണ് എന്നും അതിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ് എന്നും റിപ്പോർട്ട് പറയുന്നു. 2025ൽ 5.4ശതമാനമാണ് മേഖലയിലെ സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച. 2024ൽ ഇത് 5.2 ശതമാനം ആയിരുന്നു. ഇന്ത്യയുടെ വളർച്ച മാത്രം 2025ൽ 7.4 ശതമാനമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള ശക്തമായ ഉപഭോഗം, ചരക്ക് സേവന നികുതിയിലെ കുറവ്, യുഎസ് താരിഫുകൾക്ക് മുന്നോടിയായി കയറ്റുമതി ഫ്രണ്ട്‌ലോഡിംഗ് എന്നിവയാണ് ഇന്ത്യക്ക് തുണയായത്.
എന്നാൽ യുഎസ് താരിഫുകൾക്ക് പിന്നാലെ ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. 2025ന്റെ അവസാന പകുതിയോടെയാണ് വളർച്ചയുടെ വേഗം കുറഞ്ഞത്. ഇതിനിടെ സർവീസ് മേഖല വളർച്ച കൈവരിച്ചത് നേട്ടമായി.
വിലക്കയറ്റം സ്ഥിരതയോടെ തുടരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2026ൽ 4.4 ശതമാനമാണ് 2026ൽ 4.3 ശതമാനമായും വിലക്കയറ്റം തുടരും. ഏഷ്യ പസിഫിക് മേഖലയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ അളവ് കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഗ്രീൻഫീൽഡ് നിക്ഷേപങ്ങൾക്കുള്ള മുൻനിര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ഇന്ത്യ തുടർന്നുപോന്നു.
ഭാവി വളർച്ചയെ രൂപപ്പെടുത്തുന്നതിൽ ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിന്റെ പങ്കിനെപ്പറ്റിയും റിപ്പോർട്ട് ഊന്നിപ്പറയുന്നുണ്ട്. ആഗോളതലത്തിൽ 16.6 ദശലക്ഷം ഹരിത തൊഴിലുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്. ഇതിൽ 1.3 ദശലക്ഷം തൊഴിലുകൾ ഇന്ത്യയിലാണ്. സോളാർ എനർജി, ബാറ്ററി, ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യയിലെ ഉത്പാദന സ്കീമുകളെ മാതൃകയാക്കാനും റിപ്പോർട്ട് നിർദ്ദേശിച്ചിട്ടുണ്ട്. ഐഎംഎഫ് പ്രവചനത്തോട് സമാനമായാണ് യുഎന്നിന്റെ ഈ റിപ്പോർട്ടും പ്രവചനം നടത്തുന്നത്.ആഗോള അനിശ്ചിതാവസ്ഥകൾ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ അടിത്തറ ഭദ്രമെന്നാണ് യുഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Content Highlights: According to a UN ESCAP report, India’s economy is projected to grow by 6.4% in 2026 and 6.6% in 2027. The forecast highlights India’s continued strong economic performance driven by investment, consumption, and structural reforms, despite global economic uncertainties.