

കോടിക്കണക്കിന് രൂപ ചിലവാക്കി വാങ്ങിയ അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾ ഇറാന്റെയും ഹൂത്തികളുടെയും ആക്രമണങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ടത് ഗൾഫ് സമ്പദ് വ്യവസ്ഥകൾക്ക് വലിയ തിരിച്ചടിയാകുന്നു. സൗദി അറേബ്യ, ജോർദാൻ, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. റഡാറുകളും മറ്റ് ഉപകരണങ്ങളും തകരുകയും ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് കരുതിയ സംവിധാനങ്ങൾ നേരിട്ട് ആക്രമിക്കപ്പെട്ടു.
നോക്കികുത്തി ആയി
അമേരിക്കയുടെ പാട്രിയറ്റ് മിസൈലുകൾക്കും കാര്യമായ പരിമിതിയുണ്ട്. ഒരേസമയം നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും വരുമ്പോൾ അവയെ തടയാൻ പാട്രിയറ്റിന് കഴിയുന്നില്ല. ഇറാന്റെ കയ്യിലുള്ളത് നിർമ്മാണ ചിലവ് കുറഞ്ഞ ഡ്രോണുകളും മിസൈലുകളുമാണ്. ഇവ വലിയ എണ്ണത്തിൽ വരുമ്പോൾ, അമേരിക്കയുടെ വിലകൂടിയ മിസൈലുകൾ വേഗത്തിൽ തീർന്നുപോകുന്നു. പത്തു മിസൈലുകൾ തടയുമ്പോഴേക്കും അടുത്ത നൂറെണ്ണം വരുന്നത് ഈ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്നു.
നിർമ്മാണത്തിലെ വലിയ വ്യത്യാസം
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെ ഇതിന്റെ ഗൗരവം വെളിപ്പെടുത്തി. ഇറാൻ പ്രതിമാസം 100-ലധികം മിസൈലുകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഒരു മാസം നിർമ്മിക്കാൻ കഴിയുന്നത് വെറും ആറോ ഏഴോ പ്രതിരോധ മിസൈലുകൾ മാത്രമാണ്. ഈ വലിയ വിടവ് സുരക്ഷയെ ബാധിക്കുന്നു.

ദക്ഷിണ കൊറിയയിലെ സുരക്ഷ പിൻവലിച്ചു
മിഡിൽ ഈസ്റ്റിലെ പ്രതിരോധ മിസൈലുകൾ തീർന്നുപോയപ്പോൾ, അമേരിക്ക ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചിരുന്ന താഡ് ബാറ്ററികൾ അടിയന്തരമായി അവിടെനിന്നും മാറ്റി മിഡിൽ ഈസ്റ്റിലേക്ക് എത്തിച്ചു. ഇത് ദക്ഷിണ കൊറിയയെ വലിയ അപകടത്തിലാക്കി. ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി നിലനിൽക്കെ, തങ്ങളുടെ അനുവാദമില്ലാതെ പ്രതിരോധ സംവിധാനങ്ങൾ മാറ്റിയതിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് കടുത്ത അതൃപ്തി അറിയിച്ചു.വിലകൂടിയ അമേരിക്കൻ യന്ത്രങ്ങളെക്കാൾ എണ്ണക്കൂടുതൽ കൊണ്ടും കുറഞ്ഞ ചിലവ് കൊണ്ടും ഇറാന്റെ മിസൈലുകൾ ഗൾഫ് രാജ്യങ്ങളെ കൃത്യതയിൽ ആക്രമിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ കോടി കണക്കിന് ഡോളർ ചെലവഴിച്ചാണ് അമേരിക്കയിൽ നിന്നും സുരക്ഷാ ഉപകരണങ്ങൾ വാങ്ങി കൂട്ടിയത്. കൈയ്യിലിരുന്ന കാശും പോയി, ഉണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചുമില്ല.
നിലവിലെ മധ്യഏഷ്യ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കയിൽ ഉള്ള വിശ്വാസം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ജോലി നഷ്ടപ്പെടുകയും, സുപ്രധാന സ്ഥലങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തതോടെ, ഗൾഫ് രാജ്യങ്ങൾക്ക് യുദ്ധം അവസാനിച്ചാൽ പോലും നാളുകൾ എടുത്താൽ മാത്രമേ, കാര്യങ്ങൾ സാധാരണ ഗതിയിലാക്കാൻ സാധിക്കുകയുള്ളൂ. ഇത് അസംസ്കൃത എണ്ണ വ്യവസായം മുതൽ ടൂറിസം വരെയുള്ള സകല മേഖലകളേയും ബാധിച്ചിട്ടുണ്ട്. അമേരിക്കയെ ഇനിയെങ്കിലും കണ്ണടച്ചു വിശ്വസിക്കരുത് എന്നൊരു പാഠവും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പഠിച്ചു .
Content Highlights: Despite investing billions in THAAD and Patriot systems, Gulf nations face a security crisis. Explore how low-cost Iranian drones outsmarted high-end US tech and the financial implications for the Middle East.