എണ്ണ മാത്രമല്ല; ഹോര്‍മുസ് പൂട്ടിയപ്പോള്‍ പ്രതിസന്ധി അടുക്കള മുതല്‍ നിര്‍മാണ മേഖലയില്‍ വരെ

ഹോര്‍മുസിലെ പ്രതിസന്ധി ലോകത്തിന്റെ ഭക്ഷ്യസുരക്ഷ മുതല്‍ അത്യാധുനിക സാങ്കേതികവിദ്യകളെ വരെ ബാധിക്കുന്ന വലിയ സാമ്പത്തിക പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്

എണ്ണ മാത്രമല്ല; ഹോര്‍മുസ് പൂട്ടിയപ്പോള്‍ പ്രതിസന്ധി അടുക്കള മുതല്‍ നിര്‍മാണ മേഖലയില്‍ വരെ
dot image

ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചുപൂട്ടല്‍ ആഗോള വിപണിയില്‍ എണ്ണയ്ക്കും പ്രകൃതിവാതകത്തിനും പുറമെ മറ്റ് പല സുപ്രധാന ഉല്‍പന്നങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ ഊര്‍ജ മേഖലക്ക് പുറമെ, നിര്‍മാണ മേഖലയെയും ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷനെയും തകിടം മറിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസിലെ പ്രതിസന്ധി കേവലം ഇന്ധനവില വര്‍ധന മാത്രമല്ല, ലോകത്തിന്റെ ഭക്ഷ്യസുരക്ഷ മുതല്‍ അത്യാധുനിക സാങ്കേതികവിദ്യകളെ വരെ ബാധിക്കുന്ന വലിയ സാമ്പത്തിക പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്.

വളങ്ങള്‍ (യൂറിയ, അമോണിയ)
ലോകത്തിലെ കാര്‍ഷിക മേഖലയുടെ കേന്ദ്രമാണ് അറേബ്യന്‍ ഗള്‍ഫ്. കടല്‍ മാര്‍ഗമുള്ള വളം കയറ്റുമതിയുടെ 20 ശതമാനവും ഇവിടം കേന്ദ്രീകരിച്ചാണ്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നൈട്രജന്‍ വളമായ യൂറിയയുടെ 46 ശതമാനവും ഈ മേഖലയില്‍ നിന്നാണ് വരുന്നത്. ഇന്ത്യ (18%), ബ്രസീല്‍ (10%), ചൈന (8%) തുടങ്ങിയ രാജ്യങ്ങള്‍ ഈ വിതരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതിലുണ്ടാകുന്ന തടസ്സം ആഗോളതലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.

സള്‍ഫര്‍
എണ്ണശുദ്ധീകരണത്തിന്റെ ഉപോല്‍പന്നമായ സള്‍ഫറിന്റെ പകുതിയോളം വിതരണം ചെയ്യുന്നത് ഈ മേഖലയാണ്. ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്കാവശ്യമായ നിക്കല്‍, കൊബാള്‍ട്ട് എന്നിവ ശുദ്ധീകരിക്കുന്നതിനും കാര്‍ഷിക വളങ്ങള്‍ നിര്‍മിക്കുന്നതിനും സള്‍ഫര്‍ അത്യാവശ്യമാണ്. ഇതിന്റെ ലഭ്യത കുറയുന്നത് ഇന്തോനേഷ്യയിലെയും ആഫ്രിക്കയിലെയും വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

മെഥനോള്‍
ആഗോള മെഥനോള്‍ വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. പ്ലാസ്റ്റിക്, പെയിന്റ്, സിന്തറ്റിക് ഫൈബര്‍ എന്നിവയുടെ നിര്‍മാണത്തിന് മെഥനോള്‍ അത്യാവശ്യമാണ്. ചൈനയെപ്പോലുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

ഗ്രാഫൈറ്റ് ഫീഡ്‌സ്റ്റോക്കുകള്‍
ഇലക്ട്രിക് വാഹന ബാറ്ററികളിലെ ആനോഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് ഗ്രാഫൈറ്റിന്റെ അസംസ്‌കൃത വസ്തു പെട്രോളിയം കോക്ക് ആണ്. എണ്ണശുദ്ധീകരണശാലകള്‍ ഉയര്‍ന്ന ലാഭം തരുന്ന മറ്റ് ഉല്‍പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഇതിന്റെ ലഭ്യത കുറയുകയും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിക്കുകയും ചെയ്യും.

അലുമിനിയം
ചൈനക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ അലുമിനിയം ഉല്‍പാദകര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് (ഏകദേശം 9%). നിര്‍മാണ മേഖല, ഗതാഗതം, പുനരുപയോഗ ഊര്‍ജ്ജം എന്നിവയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇത് സൃഷ്ടിക്കും.

ഹീലിയം
ലോകത്തിലെ ഹീലിയം വിതരണത്തിന്റെ മൂന്നിലൊന്ന് ഖത്തറില്‍ നിന്നാണ്. സെമികണ്ടക്ടര്‍ നിര്‍മാണത്തിനും അതിലുപരി ആരോഗ്യമേഖലയിലെ എംആര്‍ഐ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹീലിയം അത്യാവശ്യമാണ്. ഈ വിതരണശൃംഖല മുറിയുന്നത് ആധുനിക ചികിത്സാ സൗകര്യങ്ങളെ ബാധിക്കും.

ഗ്ലൈക്കോള്‍
ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിലും പാക്കേജിങ്ങിലും ഉപയോഗിക്കുന്ന മോണോ എഥിലീന്‍ ഗ്ലൈക്കോള്‍ (എംഇജി) ഈ മേഖലയില്‍ നിന്നുള്ള പ്രധാന കയറ്റുമതിയാണ്. ചൈനയും ഇന്ത്യയും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതര മാര്‍ഗങ്ങള്‍ തേടുന്നത് വില വര്‍ധനക്ക് കാരണമാകും.

ഇരുമ്പയിര്/ സ്റ്റീല്‍ പെല്ലറ്റുകള്‍
സ്റ്റീല്‍ നിര്‍മാണത്തിന് ആവശ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള ഇരുമ്പയിരുകള്‍ ഈ മേഖലയില്‍നിന്ന് വരുന്നുണ്ട്. കപ്പല്‍ ഗതാഗതത്തിലെ അനിശ്ചിതത്വം കാരണം ഇവയുടെ വിതരണവും പ്രതിസന്ധിയിലാണ്.

ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍
മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഭാവിയില്‍ വലിയ ഹരിത ഹൈഡ്രജന്‍ കേന്ദ്രങ്ങളാകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇത്തരം പുതിയ പദ്ധതികളുടെ നിക്ഷേപത്തെയും വികസനത്തെയും സാവധാനത്തിലാക്കുന്നു.

Content Highlights: The Strait of Hormuz crisis affects more than just oil. Here are 9 other commodities 

dot image
To advertise here,contact us
dot image