

15 വര്‍ഷത്തോളം ആപ്പിളിനെ നയിച്ച ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുകയാണ്. ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറ്റിയ ശേഷമാണ് അദ്ദേഹം ഈ പദവിയില്‍നിന്നും മാറുന്നത്. സിഇഒ സ്ഥാനത്തുനിന്ന് മാറുന്ന അദ്ദേഹം ഇനി ആപ്പിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. ആപ്പിളിന്റെ ഹാർഡ്‌വെയർ വിഭാഗം മേധാവിയായ ജോണ്‍ ടെര്‍നസ് ആയിരിക്കും അടുത്ത സിഇഒ. സെപ്റ്റംബര്‍ 1ന് അദ്ദേഹം ചുമതലയേല്‍ക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പകളിലൊന്നാക്കി ആപ്പിളിനെ മാറ്റിയ കുക്കിന്റെ സമ്പത്തും ഇക്കാലയളവില്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.
ഫോര്‍ബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടിം കുക്കിന്റെ നിലവിലെ ആസ്തി ഏകദേശം 290 കോടി ഡോളറാണ് (ഇന്ത്യന്‍ രൂപ 24,000 കോടിയിലധികം). ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലവനാണെങ്കിലും, മറ്റ് ടെക് ഭീമന്മാരായ കമ്പനി സ്ഥാപകരുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി അത്ര വലുതല്ല. ഇതിന് കാരണം അദ്ദേഹം കമ്പനിയുടെ സ്ഥാപകനല്ല എന്നതുതന്നെയാണ്.
അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ പ്രധാന ഭാഗവും ആപ്പിള്‍ ഓഹരികളാണ്. കുക്കിന് നിലവില്‍ ആപ്പിളില്‍ 30 ലക്ഷത്തിലധികം ഓഹരികളുണ്ട്. എന്നാലിത് ആപ്പിളിന്റെ ആകെ ഷെയറുകളുടെ ഒരു ശതമാനത്തില്‍ താഴയേ വരികയുള്ളൂവെന്നതാണ് രസകരമായ മറുവശം. 100 കോടി ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ കുക്ക് ഇതിനിടെ വിറ്റഴിക്കുകയും ചെയ്തിരുന്നു.
കുക്കിന്റെ ആപ്പിള്‍ ജീവിതം
1998ലാണ് ടിം കുക്ക് ആപ്പിളില്‍ ചേരുന്നത്. അതിന് മുന്‍പ് 12 വര്‍ഷം ഐബിഎമ്മിലും കുറച്ചുകാലം കോംപാക്കിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ആപ്പിളില്‍ ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍ വിഭാഗങ്ങളിലായിരുന്നു അദ്ദേഹം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ അദ്ദേഹം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. 2011-ല്‍ സ്റ്റീവ് ജോബ്‌സ് ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ടിം കുക്ക് സിഇഒ ആയി നിയമിതനായത്.ആകെ 28 വര്‍ഷത്തോളം അദ്ദേഹം ആപ്പിളില്‍ പ്രവര്‍ത്തിച്ചു, ഇതില്‍ 15 വര്‍ഷം സിഇഒ ആയിരുന്നു.
കുക്കിന്റെ കാലയളവില്‍ ആപ്പിള്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. 2011ല്‍ 350 ബില്യണ്‍ ഡോളറായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം ഇന്ന് ഏകദേശം 4 ലക്ഷംകോടി ഡോളറിന് അടുത്താണ്. 2011ല്‍ 10800 ഡോളറായിരുന്ന വാര്‍ഷിക വരുമാനം 2025ല്‍ 41600 ഡോളറായി വര്‍ധിച്ചു. ലോകമെമ്പാടും സജീവമായി ഉപയോഗിക്കപ്പെടുന്ന ആപ്പിള്‍ ഗാഡ്‌ജെറ്റുകളുടെ എണ്ണം 250 കോടി കടന്നു. ആഗോളതലത്തില്‍ 500ലധികം ആപ്പിള്‍ സ്റ്റോറുകള്‍ അദ്ദേഹത്തിന്റെ കാലത്ത് പ്രവര്‍ത്തനം തുടങ്ങി.
Content Highlights: Tim Cook net worth: How rich is Apple's outgoing CEO after 15-year run?