

ഏപ്രില്‍ മുതല്‍ ചൈനീസ് നിര്‍മിത ഇന്റര്‍നെറ്റ് കണക്റ്റഡ് സിസിടിവി ക്യാമറകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്നതോ ചൈനീസ് ചിപ്പുകള്‍ ഉപയോഗിക്കുന്നതോ ആയ ക്യാമറകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കില്ല. ഇതോടെ ഇത്തരം ക്യാമറകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയില്ല. ഇതുവരെ ഇന്ത്യന്‍ സിസിടിവി വിപണിയുടെ വലിയൊരു ഭാഗം ചൈനീസ് കമ്പനികളാണ് കൈയടക്കിയിരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ 25 മുതല്‍ 30 ശതമാനം മാത്രം വിപണി വിഹിതമുണ്ടായിരുന്ന സിപി പ്ലസ്, ക്യുബോ, പ്രമ, മെട്രിക്‌സ്, സ്പര്‍ശ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ 80 ശതമാനത്തോളം വിപണി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം
ക്യാമറകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ലാഭം ഇന്ത്യന്‍ കമ്പനികളിലേക്ക് എത്തുകയും ചെയ്യുന്നു. ചൈനീസ് ക്യാമറകള്‍ക്ക് പകരം തായ്വാന്‍ അല്ലെങ്കില്‍ അമേരിക്കന്‍ നിര്‍മിത ചിപ്പുകള്‍ ഉപയോഗിക്കേണ്ടി വരുന്നതോടെ നിര്‍മാണ ചെലവ് 15-20% വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ സിസിടിവി ക്യാമറകള്‍ക്ക് വില അല്പം കൂടിയേക്കാം.
വിപണിയില്‍നിന്ന് ചൈനീസ് ബ്രാന്‍ഡുകള്‍ പുറത്താകുമ്പോള്‍, ശേഷിക്കുന്ന വലിയ വിപണി പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ കോടികളുടെ നിക്ഷേപം നടത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് വലിയ സാമ്പത്തിക കരുത്ത് നല്‍കും. കുറഞ്ഞ വിലയ്ക്ക് ചൈനീസ് ക്യാമറകള്‍ വാങ്ങി വിറ്റിരുന്ന ചെറിയ കടക്കാരെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഗുണം
ഈ തീരുമാനം ഇന്ത്യയുടെ ഡിജിറ്റല്‍ സുരക്ഷ വര്‍ധിപ്പിക്കും എന്നതിലുപരി, ഇന്ത്യയിലെ സിസിടിവി വിപണിയില്‍നിന്ന് പുറത്തേക്ക് പോയിക്കൊണ്ടിരുന്ന കോടിക്കണക്കിന് രൂപ ഇനി രാജ്യത്തെ കമ്പനികള്‍ക്ക് തന്നെ ലഭിക്കും.ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മിക്ക ചൈനീസ് ക്യാമറകളും അവയിലെ ദൃശ്യങ്ങള്‍ ചൈനയിലുള്ള സെര്‍വറുകളിലേക്കോ ക്ലൗഡുകളിലേക്കോ അയക്കുന്നുണ്ട്.
ആയിരക്കണക്കിന് ചൈനീസ് ക്യാമറകളെ ഒരേസമയം ഹാക്ക് ചെയ്ത് അവ ഉപയോഗിച്ച് ഇന്ത്യയിലെ ബാങ്കിങ് വെബ്‌സൈറ്റുകളോ മറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളോ തകര്‍ക്കാന്‍ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാത്ത കുറഞ്ഞ വിലയുള്ള ക്യാമറകള്‍ ഇതിനായി എളുപ്പത്തില്‍ ഉപയോഗിക്കപ്പെടാം. തുടക്കത്തില്‍ ക്യാമറകള്‍ക്ക് ചെറിയ വില വര്‍ധന ഉണ്ടായേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാദേശിക ബ്രാന്‍ഡുകള്‍ക്കും ഗുണം ചെയ്യും.
Content Highlights: India to ban Chinese CCTV from Apr 1 as security concerns reshape market