മൂല്യം കുത്തനെ ഇടിഞ്ഞു; ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി ഇന്ത്യന്‍ രൂപ

മിക്ക ഏഷ്യന്‍ കറന്‍സികളും നിലവില്‍ സമ്മര്‍ദത്തിലാണെങ്കിലും, ചൈനീസ് യുവാന്‍ ഡോളറിനെതിരെ മൂല്യവര്‍ധന നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മൂല്യം കുത്തനെ ഇടിഞ്ഞു; ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി ഇന്ത്യന്‍ രൂപ
dot image

ഇക്കൊല്ലം തുടക്കം മുതല്‍ യുഎസ് ഡോളറിനെതിരെ മൂല്യമിടിവ് രേഖപ്പെടുത്തിയതോടെ ഇന്ത്യന്‍ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി മാറി. നിലവില്‍ ഡോളറിനെതിരെ 94 രൂപ എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം എത്തിനില്‍ക്കുന്നത്.

indian rupee

മൂന്ന് മാസത്തിനിടെ 4.1 ശതമാനമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത്. മിക്ക ഏഷ്യന്‍ കറന്‍സികളും നിലവില്‍ സമ്മര്‍ദത്തിലാണെങ്കിലും, ചൈനീസ് യുവാന്‍ ഡോളറിനെതിരെ മൂല്യവര്‍ധന നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രൂപയ്ക്ക് തൊട്ടുപിന്നില്‍ തായ്ലന്‍ഡ് കറന്‍സിയായ 'ബാത്ത്' 3.5 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തുണ്ട്.

ആഗോളവും ആഭ്യന്തരവുമായ വിവിധ കാരണങ്ങള്‍ രൂപയുടെ മൂല്യമിടിയുന്നതിന്് കാരണമായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തുമെന്ന പ്രതീക്ഷകള്‍ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തി. ഇത് ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളിലെ കറന്‍സികളെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയെപ്പോലെ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇതിലൂടെ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും രൂപയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു.

ബാങ്കുകള്‍ 10,000 കോടി ഡോളറിലധികം കൈവശം വെച്ചിട്ടുണ്ടാകാമെന്നും അവ വിപണിയിലേക്ക് എത്തുന്നതോടെ ഡോളര്‍ വിതരണം വര്‍ധിക്കുമെന്നും വിശകലന വിദഗ്ധര്‍ കരുതുന്നു. ഇത് ഹ്രസ്വകാലയളവില്‍ രൂപയുടെ മൂല്യം തിരിച്ചുപിടിക്കാന്‍ സഹായിച്ചേക്കാം. എന്നിരുന്നാലും, എണ്ണവില ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യത. ആഗോള സാമ്പത്തിക നയങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിനെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Content Highlights: Indian Rupee has emerged as the worst-performing currency in Asia

dot image
To advertise here,contact us
dot image